‘തുടക്കത്തിൽ അത് സിനിമയിൽ കയറിക്കൂടാനുള്ള കള്ളത്തരമായിരിക്കാം, പക്ഷേ…’ അതിവിനയം വെറും അഭിനയമാണെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ദ്രൻസ്

കൊച്ചി: മലയാളികളുടെ പ്രിയതാരം ഇന്ദ്രൻസിന്റെ വിനയവും, എളിമയും നിറഞ്ഞ പെരുമാറ്റം പലപ്പോഴും പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും വലിയ ചർച്ചയാകാറുണ്ട്. ഇത്രയും മികച്ചൊരു നടനായിട്ടും യാതൊരുവിധ സിനിമാ ജാഡകളുമില്ലാതെ സാധാരണക്കാരോട് പെരുമാറുന്ന ഇന്ദ്രൻസിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്താറുമുണ്ട്. എന്നാൽ, ഇന്ദ്രൻസിന്റെ ഈ അതിവിനയം വെറും അഭിനയമാണെന്ന രീതിയിലുള്ള ചില വിമർശനങ്ങളും ഇടയ്ക്ക് ഉയരാറുണ്ട്. ഇപ്പോഴിതാ അത്തരം വിമർശകർക്ക് ലളിതമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് താരം.

ചിലപ്പോൾ തന്റെ വിനയം തുടക്കത്തിൽ ഒരു അഭിനയമായിരുന്നിരിക്കാം എന്നാണ് ഇന്ദ്രൻസ് തുറന്നുപറയുന്നത്. കാൻ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വേറിട്ട പ്രതികരണം.”ആയിരിക്കാം, എനിക്ക് അത് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കാം. എന്നെ അറിയാത്ത ഒരാൾക്ക് പെട്ടെന്ന് എന്റെ രീതി കാണുമ്പോൾ സ്വാഭാവികമായും അങ്ങനെ ചോദിക്കാൻ തോന്നും. അതിന് അവർക്ക് അവകാശവുമുണ്ട്.

അന്നത്തെ എന്റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോജിച്ചൊരു രൂപമായിരുന്നില്ല എന്റേത്. ഞാൻ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ, എനിക്ക് അവിടെ നിവർന്നു നിൽക്കാൻ പറ്റില്ലായിരുന്നു. അപ്പോൾ അവിടെ കുറച്ച് കൂടുതൽ കുനിഞ്ഞ് ആയിരിക്കാം ഒരുപക്ഷേ ഈ രീതി വന്നത്.പടിയിൽ ഇത്തിരിയൊന്ന് കയറി ഇരുന്ന്, ഇത്തിരി അങ്ങോട്ട് നീങ്ങിയിരുന്ന്, അങ്ങനെ അങ്ങനെയാണ് ഞാൻ സിനിമയിൽ കയറിക്കൂടിയത്.

അന്ന് ചിലപ്പോൾ അത് അഭിനയം തന്നെ ആയിരുന്നിരിക്കാം, കള്ളത്തരം ആയിരുന്നിരിക്കാം. പക്ഷേ, അതിപ്പോൾ എന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. മുൻപോട്ട് നിൽക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ അറിയാതെ എന്റെ കാല് പിറകിലേക്ക് വെക്കുമായിരുന്നു. ഞാൻ എത്ര ശ്രദ്ധിച്ചിട്ടും എനിക്കത് മാറ്റാൻ സാധിക്കുന്നില്ല,” ഇന്ദ്രൻസ് മനസ്സ് തുറന്നു.

കോസ്റ്റ്യൂം ഡിസൈനറായി സിനിമാലോകത്തേക്ക് എത്തിയ ഇന്ദ്രൻസ് പിന്നീട് മികച്ച കോമഡി വേഷങ്ങളിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ചത്. എന്നാൽ ബോഡി ഷെയ്‌മിങ്ങിന് ഇരയാവുന്ന കഥാപാത്രങ്ങൾക്കപ്പുറം വലിയൊരു നടൻ ഇന്ദ്രൻസിലുണ്ടെന്ന് മലയാള സിനിമ തിരിച്ചറിയാൻ വൈകി. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘അഞ്ചാം പാതിര’ എന്ന ചിത്രത്തിലെ ‘റിപ്പർ രവി’ എന്ന ക്രൂരനായ കൊലയാളിയുടെ വേഷം ഇന്ദ്രൻസിന്റെ കരിയർ മാറ്റിമറിച്ചു.

തുടർന്ന് വെയിൽമരങ്ങൾ, ഹോം, മാലിക്, പറവ, ഉടൽ, ആട് ഫ്രാഞ്ചൈസി തുടങ്ങി നിരവധി ചിത്രങ്ങളിൽ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് താരം കാഴ്ചവച്ചത്. ഇപ്പോഴിതാ, സൂര്യയെ നായകനാക്കി ആർ.ജെ. ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന തമിഴ് ചിത്രത്തിലെ ‘മട്ടാഞ്ചേരി സുകുമാരൻ’ എന്ന കഥാപാത്രത്തിലൂടെ തമിഴകത്തിന്റെ വലിയ കയ്യടികളും ഇന്ദ്രൻസ് സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്.

Acclaimed Malayalam actor Indrans has responded to critics who allege that his well-known humility and simple demeanor are just an act. In a recent interview with Can Media, Indrans candidly admitted that during his early days in the industry, his submissive nature might indeed have been a survival tactic or “pretension” driven by an inferiority complex regarding his appearance. He explained that since he started from the bottom as a costume designer and had to constantly accommodate himself in the massive world of cinema, bowing down became a habit that eventually turned into his actual personality. Indrans, whose career transformed with characters like ‘Ripper Ravi’ in ‘Anjaam Pathira’ and performances in ‘Home’ and ‘Udal’, is currently gaining immense praise in Tamil cinema for his role as ‘Mattancherry Sukumaran’ in Suriya’s latest movie ‘Karuppu’ directed by RJ Balaji.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News