ആലപ്പുഴ:തന്റെ സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം രാഷ്ട്രീയ ധാർമ്മികത ഇല്ലാത്തതാണെന്നും മന്ത്രി ജി സുധാകരൻ. മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ പരാതി നൽകിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
താനും തന്റെ കുടുംബവും ഒരു വിവാദവുമുണ്ടാക്കുന്നില്ല. എന്നിട്ടും തന്റെ കുടുംബത്തെ വരെ ആക്ഷേപിക്കുന്നു. തന്റെ ഭാര്യയെ വിളിച്ച് ഭീഷണിപ്പെടുത്തി. താൻ ശരിയായ കമ്യൂണിസ്റ്റാണ്. സംശുദ്ധമായ രാഷ്ട്രീയ ജീവിതത്തെ അപമാനിക്കാനാണ് ശ്രമം. പരാതിക്ക് പിന്നിൽ ഒരു ഗ്യാങ് പ്രവർത്തിക്കുന്നുണ്ട്. അതിൽ പല പാർട്ടിക്കാരുമുണ്ട്. പൊളിറ്റിക്കൽ ക്രിമിനലുകൾ പ്രോത്സാഹിപ്പിക്കരുതെന്നും സുധാകരൻ പറഞ്ഞു
ആരോപണം ഉന്നയിച്ചവരെ തനിക്കെതിരെ ഉപയോഗിച്ചതാണ്. സ്റ്റേറ്റ് കമ്മിറ്റി അംഗമായ തനിക്കെതിരെ ലോക്കൽ കമ്മിറ്റി അംഗത്തിന്റെ പരാതിയെത്തി. ആരോപണത്തിന് പിന്നിൽ വേറെ ചിലരാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. വിവാദത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ഭാര്യ പ്രിൻസിപ്പലായി വിരമിച്ചയാളാണ്. നല്ലൊരു തുക പെൻഷൻ കിട്ടുന്നുണ്ട്. തനിക്ക് ഒന്നര ലക്ഷത്തോളം രൂപ ശമ്പളമുണ്ട്. 12 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്ന ജോലിയാണ് മകന്റേത്. ജി സുധാകരന്റെ മകൻ എന്ന് എവിടെയും പറയാതെയാണ് അവൻ ജോലി നേടിയത്. അവനും ഭാര്യയും ഇത്തവണ വോട്ട് ചെയ്യാൻ വന്നത് രണ്ട് ലക്ഷം രൂപ മുടക്കിയാണ്. ലോക്സഭയിലേക്ക് ആരിഫിന് വോട്ട് ചെയ്യാനും അവൻ വന്നിരുന്നു. അവൻ ഒരു രാഷ്ട്രീയ പ്രവർത്തകനല്ല. പക്ഷേ കമ്മ്യൂണിസ്റ്റ് ബോധ്യങ്ങളുണ്ട്. അതാണ് ഞങ്ങളുടെ കുടുംബം. അങ്ങനെയുള്ള കുടുംബത്തെ പറ്റി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്തിന്റെ പേരിലാണ്. മരിക്കുന്നത് വരെ താൻ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരനായിരിക്കും.
പേഴ്സണൽ സ്റ്റാഫിനെയൊ ഭാര്യയെയൊ താൻ ഒന്നും പറഞ്ഞിട്ടില്ല. പരാതി നൽകിയവർ നിരപരാധികളാണ്. അവരെ തനിക്കെതിരെ ഉപയോഗിച്ചു. അവരോട് സഹതാപം മാത്രമെയുള്ളുവെന്നും മന്ത്രി.
അതേ സമയം മന്ത്രി ജി.സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതി പിൻവലിച്ചുവെന്ന് പോലീസ് പറയുന്നത് തെറ്റ് എന്ന് പരാതിക്കാരിയുടെ ഭർത്താവ് പറയുന്നു. എത്ര സമ്മർദ്ദം ഉണ്ടായാലും പരാതിയിൽ ഉറച്ചുനിൽക്കുമെന്ന് പരാതിക്കാരിയും വ്യക്തമാക്കി.
പരാതി പിൻവലിച്ചില്ല. തന്റെ അറിവില്ലാതെ കൃത്രിമമായി ഒപ്പിട്ട് ആരോ പരാതി പിൻവലിച്ചതാണ്. ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഇന്നുകൂടി കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കും. മുൻ ജില്ലാ കമ്മിറ്റി അംഗമാണ് താനെന്നും യുവതി വ്യക്തമാക്കി.
മന്ത്രി ജി.സുധാകരന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗവും പുറക്കാട് ലോക്കൽ കമ്മിറ്റി അംഗവുമായ വേണുഗോപാലിന്റെ ഭാര്യയാണ് ജി സുധാകരനെതിരെ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയത്. ഈ പരാതി പിൻവലിച്ചുവെന്ന് സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടി നാസർ വെളിപ്പെടുത്തിയിരുന്നു.
അമ്പലപ്പുഴ പോലീസും ഈ വാർത്ത സ്ഥിരീകരിച്ചു. പരാതി നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടല്ല നൽകിയതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. രസീത് പോലും വാങ്ങാതെ പരാതി പാറാവുകാരനെ ഏൽപ്പിച്ചാണ് മടങ്ങിയെന്നും പോലീസ് വ്യക്തമാക്കി. എന്നാൽ പരാതിയിൽ നിന്ന് പിൻമാറിയില്ലെന്നും ഉറച്ചുനിൽക്കുകയാണെന്നും പരാതിക്കാരി വെളിപ്പെടുത്തി.