തിരുവനന്തപുരം: വൈറ്റില പാലം അനധികൃതമായി തുറന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഇതിനു പിന്നില്‍ മാഫിയ സംഘമാണെന്ന് അദ്ദേഹം ആരോപിച്ചു. പാലാരിവട്ടത്ത് അഴിമതി കാണിച്ച അതേ സംഘമാണ് ഇവിടെയും പ്രവര്‍ത്തിച്ചതെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയ പ്രവര്‍ത്തിക്കുന്നുവെന്നും ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
കണ്ടുകൊണ്ട് നില്‍ക്കുന്നവരല്ല, പാലം പണിത എഞ്ചിനീയര്‍മാരാണ് എപ്പോള്‍ പാലം തുറക്കണം എന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ഗുരുതര കുറ്റമാണ്. അവര്‍ക്ക് ആര്‍ക്കും, എത്ര പിന്തുണയുണ്ട് എന്നതൊന്നും ഞങ്ങളുടെ വിഷയമല്ല. ക്രിമിനല്‍ കുറ്റമാണിതെന്നും ജി സുധാകരന്‍ തുറന്നടിച്ചു.
ഇബ്രാഹിംകുഞ്ഞ് പണം വാങ്ങിയോ ഇല്ലയോ എന്നതൊക്കെ വേറെ കാര്യമാണ്. അതേക്കുറിച്ചൊന്നും താനിപ്പോള്‍ പറയുന്നില്ല. പക്ഷേ, പാലാരിവട്ടം പാലം പോലെ, ധൃതി പിടിച്ച് എന്തെങ്കിലും ഞങ്ങളെക്കൊണ്ടും ചെയ്യിക്കണം. അങ്ങനെ കേസ് വരണം. ഇതൊക്കെ പ്ലാന്‍ ചെയ്യുന്ന ഒരു പ്രൊഫഷണല്‍ ക്രിമിനല്‍ സംഘമുണ്ടിവിടെയെന്നും സുധാകരന്‍ ആരോപിക്കുന്നു.