തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളവും സര്‍വീസ് സംബന്ധമായ വിവരങ്ങളും ഇനി മുതല്‍ ജിസ്പാര്‍ക്ക് വഴി ഓണ്‍ലൈന്‍ ആയി ലഭ്യമാക്കും. കെ.എസ്.ആര്‍.ടി.സിയിലെ 27,000 ത്തോളം ജീവനക്കാരുടെ അടിസ്ഥാന വിവരങ്ങള്‍ മുഴുവന്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഉള്‍ക്കൊള്ളിച്ച് ജിസ്പാര്‍ക്ക് സോഫ്റ്റ്വേറില്‍ ശമ്പളം നല്‍കുക എന്ന ദൗത്യമാണ് പൂര്‍ത്തീകരിച്ചത്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകുന്നതു പോലെ ഇനി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും അവരുടെ ലീവ്, ശമ്പളം, പി.എഫ് തുടങ്ങിയ എല്ലാ വിവരങ്ങളും ഇതോടുകൂടി വിരല്‍തുമ്പില്‍ ലഭ്യമാകും. ഓരോ ജീവനക്കാരനും സ്വന്തമായ യൂസര്‍ ഐ.ഡി ഉപയോഗിച്ച് പി.എഫ് സബ്‌സ്‌ക്രിപ്ഷന്‍ വിവരങ്ങള്‍, ശമ്പളബില്‍ എന്നിവ കാണാനും കോപ്പി എടുക്കാനും സാധിക്കും.
കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചിടത്തോളം ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും മാനേജ്‌മെന്റ് തല നയരൂപീകരണത്തിന് എളുപ്പത്തില്‍ ലഭ്യമാകും. ഇതിനായി സോഫ്റ്റ്വേര്‍ തയാറാക്കി പ്രവര്‍ത്തനസജ്ജമാക്കിയത് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍, സ്പാര്‍ക്ക് എന്നിവരുടെ ശ്രമഫലമായാണ്.
ജി സ്പാര്‍ക്ക് നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ പൊതുമേഖല സ്ഥാപനവും, ഏറ്റവും വലിയ പൊതുമേഖല സ്ഥാപനവുമാണ് കെ.എസ്.ആര്‍.ടി.സി. കഴിഞ്ഞ ആറ് മാസമായി എന്‍.ഐ.സിയുടേയും കെ.എസ്.ആര്‍.ടി.സിയുടേയും ജീവനക്കാര്‍ പരീക്ഷണാര്‍ഥം ഏപ്രില്‍ മുതല്‍ നടത്തി വരുകയാണ്.