”അദ്ദേഹം മരിച്ചിട്ടില്ല, ആശുപത്രിയില്‍നിന്നും വീട്ടിലെത്തിച്ച ദേഹത്തില്‍ ഇപ്പോഴും ചൂടുണ്ട്. നാഡിമിടിപ്പുമുണ്ട്.”
പറയുന്നത്, ലോകത്തെ ഏറ്റവും വലിയ കുടുംബം. ആ കുടുംബത്തിന്റെ നാഥനായ മിസോറാം സ്വദേശി സിയോണ ചാനയുടെ ശവസംസ്‌കാരം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ശരീരം വീട്ടില്‍ത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്. 38 ഭാര്യമാരും 94 മക്കളും അവരുടെ ഭാര്യമാരും മക്കളും അടങ്ങുന്ന കുടുംബവും ചാന അധ്യക്ഷനായ ക്രിസ്ത്യന്‍ അവാന്തര വിഭാഗവും ഇദ്ദേഹം മരിച്ചില്ലെന്നാണ് അവകാശപ്പെടുന്നത്. വീട്ടിലെത്തിയപ്പോള്‍ ഹൃദയമിടിപ്പ് തിരികെ വന്നതായി ചാന അധ്യക്ഷനായ ക്രിസ്ത്യന്‍ അവാന്തര വിഭാഗത്തിന്റെ സെക്രട്ടറി സാതിന്‍ഖുമ പറഞ്ഞതായി പി ടി ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും കാരണം ആശുപത്രിയിലെത്തിച്ച 76-കാരനായ ചാന മരിച്ചതായാണ് അദ്ദേഹത്തെ ചികില്‍സിച്ച മിസോറാം തലസ്ഥാനമായ ഐസ്‌വാളിലെ ട്രിനിറ്റി ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കം പ്രമുഖര്‍ ചാനയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് നാടകീയമായ ഈ സംഭവങ്ങള്‍.