മംദ്സോർ:കോവിഡ് മഹാമാരിയെ തടഞ്ഞുനിർത്തുന്നതിന് രാജ്യത്ത് എല്ലാവരും വാക്സിൻ സ്വീകരിച്ചു എന്ന് ഉറപ്പുവരുത്താൻ എല്ലാ മാർഗങ്ങളും തേടുകയാണ് ആരോഗ്യ മേഖല. അതിനിടയിലാണ് വാക്സിൻ സ്വീകരിക്കാൻ വിമുഖത കാട്ടുന്നവരേക്കൊണ്ട് വാക്സിനെടുപ്പിക്കാൻ മധ്യപ്രദേശിലെ ടൂറിസം വകുപ്പ് വിചിത്രമായ വഴിതേടുന്നത്. രണ്ട് ഡോസ് കോവിഡ് വാക്സിനുകളും എടുക്കുന്നവർക്ക് മദ്യത്തിന് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ മംദ്സോർ ജില്ല.
വാക്സിനേഷനായി ജനങ്ങളെ പ്രേരിപ്പിക്കാൻ രണ്ട് ഡോസ് കോവിഡ് വാക്സിനും എടുത്തവർക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. മംദ്സോർ ജില്ലയിൽ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനാണ് രാജ്യത്താദ്യമായി ഇത്തരത്തിലൊരു ഉത്തരവിറക്കിയിരിക്കുന്നത്. പദ്ധതിക്കെതിരെ എതിർപ്പുമായി ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് നിവാരണ യജ്ഞത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. രണ്ട് വാക്സിനും എടുത്ത സർട്ടിഫിക്കറ്റ് കൈവശമുള്ളവർക്ക് മദ്യത്തിന് 10 ശതമാനം വിലക്കിഴിവ് നൽകാൻ മദ്യശാലകളുടെ ഉടമകളുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് ടൂറിസം കോർപ്പറേഷന്റെ ഉത്തരവിൽ പറയുന്നു.
ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണെന്നും അംഗീകരിക്കാൻ കഴിയില്ലെന്നും ബി.ജെ.പി എം.എൽ.എ യശ്പാൽ സിസോദിയ പറഞ്ഞു.
കോവിഡ് വാക്സിൻ വിതരണത്തിൽ ഏറെ പുറകിൽ നിൽക്കുന്ന ജില്ലകളിലൊന്നാണ് മംദ്സോർ. 50 ശതമാനം പോലും വാക്സിനേഷൻ ജില്ലയിൽ പൂർത്തിയായിട്ടില്ല. ഇതിനെ തുടർന്നാണ് വാക്സിൻ വിതരണത്തെ പ്രോത്സാഹിപ്പിക്കാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.