എച്ച്.പി.സി.എല്‍ ഇന്ധനം നല്‍കുന്നില്ല; 200 പെട്രോള്‍ പമ്പുകള്‍ അടഞ്ഞുകിടക്കുന്നു

കൊച്ചി: ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ഇന്ധനം നല്‍കാത്തതിനെത്തുടര്‍ന്നു കമ്പനിയുടെ എണ്‍പത് ശതമാനം പെട്രോള്‍ പമ്പുകളും കഴിഞ്ഞ രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നു. 200 ഹിന്ദുസ്ഥാന്‍ പെട്രോളിയം റീട്ടെയില്‍ ഔട്ട് ലെറ്റുകളാണ് സംസ്ഥാനത്ത് അടഞ്ഞു കിടക്കുന്നത്.

ഇതില്‍ പലരും ലോഡ് എടുക്കുന്നതിനായി മൂന്നു ദിവസം മുമ്പ് പണം മുന്‍കൂര്‍ അടച്ചിട്ടുള്ളവരുമാണ്. എന്നിട്ടും ഇന്ധനം ലഭിക്കാതെ പമ്പുടമകള്‍ വിഷമിക്കുകയാണ്. ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില വര്‍ധിക്കുന്നതിനാല്‍ കൂടിയ വിലക്ക് ഉത്പന്നം വില്‍ക്കുന്നതിനായാണ് കന്പനി ഇന്ധനം നല്‍കാതിരിക്കുന്നതെന്ന് ഡീലര്‍മാര്‍ പരാതിപ്പെടുന്നു. എന്നാല്‍, സംസ്ഥാനത്ത് ഇന്ധക്ഷാമം ഇല്ലെന്ന് എച്ച്പിസിഎല്‍ പറയുന്നു.

എച്ച്പിസിഎല്ലിന്റെ ഇന്ധനം നിറയ്ക്കുന്നതിനുള്ള യൂണിറ്റുകള്‍ വൈകുന്നേരം 3.30 വരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ബിപിസിഎല്ലിന്റെയും ഐഒസിയുടെയും യൂണിറ്റുകളില്‍ വൈകുന്നേരം അഞ്ചുവരെ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമുണ്ട്.

ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനി ഉത്പന്നം പിടിച്ചുവച്ചിരിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയും ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്സിന്റെ ദേശീയ വൈസ് പ്രസിഡന്റുമായ ആര്‍. ശബരിനാഥിന്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിനെ കണ്ട് നിവേദനം നല്‍കി. ഈ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്താമെന്നാണ് ജില്ലാ കളക്ടര്‍ അറിയിച്ചിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News