തിരുവനന്തപുരം: ജനജീവിതം ദുസ്സഹമാക്കി രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും ആണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 101 രൂപയിലേക്ക് അടുക്കുകയാണ്. ലിറ്ററിന് 100 രൂപ 57പൈസയാണ് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന് ഇന്നത്തെ വില.
പെട്രോൾ വില തിരുവനന്തപുരത്ത് ഒരു ലിറ്ററിന് 107 രൂപ കടന്നു. കൊച്ചിയിൽ ഡീസലിന് 98. 62 രൂപയും പെട്രോളിന് 104.97 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റർ ഡീസലിന് 98.93 രൂപയായി. പെട്രോളിന് 105.26 രൂപയാണ് വില.
പെട്രോള്‍, ഡീസല്‍ വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ദിവസേനയുള്ള ഇന്ധനവില വർധനവ് ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രതിഷേധങ്ങൾ വകവെക്കാതെ എണ്ണകമ്പനികൾ ദിവസേനെ വില വർധിപ്പിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികൾ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വർധന തുടങ്ങുകയും ചെയ്തു.
വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ വില വർധനവിനെ പ്രതിരോധിക്കുന്നത്.