തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസല്‍ ലിറ്ററിന് 32 പൈസയുമാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇന്ധന വില കൂടുന്നത്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 104.88 രൂപയാണ്, ഡീസലിന് 97.98 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 102.61 രൂപയും ഡീസലിന് 95.81 രൂപയും വിലയുണ്ട്. കോഴിക്കോട് പെട്രോള്‍ വില 103.04 രൂപയും ഡീസല്‍ വില 96.26 രൂപയുമാണ്.
രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധനവ് പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര വിപണിയില്‍ ഇന്നലെ ക്രൂഡ് ഓയില്‍ ബാരലിന് 79.28 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം ഡോളറിനെതിരേ 74.15ലാണ് രൂപ വിനിമയം നടത്തുന്നത്. ഭാരത് പെട്രോളിയം, ഇന്ത്യന്‍ ഓയില്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ ഇന്ധന കമ്പനികളാണ് ദിവസവും പെട്രോള്‍ ഡീസല്‍ വില പുതുക്കുന്നത്. രാജ്യാന്തര വിപണിയില്‍ ഒപെക് രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കുകയാണ്. ഈ രാജ്യങ്ങള്‍ ഉടനടി ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്നാണു സൂചന. ഇതു എണ്ണ വില ഉയരാന്‍ കാരണമായേക്കാം.
അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും ഡോളര്‍ – രൂപാ വിനിമയ നിരക്കും അടിസ്ഥാനമാക്കിയാണ് ഇന്ധന വില നിശ്ചയിക്കുന്നത്. ഓരോ ദിവസവും രാവിലെ 6 മണി മുതലാണ് പുതിയ ഇന്ധന നിരക്കുകള്‍ പ്രാബല്യത്തില്‍ വരുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്പനികള്‍ ഇന്ധന നിരക്ക് വര്‍ധന പുനരാരംഭിച്ചത്.
കേരളം, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, തമിഴ്നാട്, ബിഹാര്‍, പഞ്ചാബ് തുടങ്ങി 15 സംസ്ഥാനങ്ങളിലെയും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രണ്ട് ജില്ലകളിലും പെട്രോള്‍ വില ലിറ്ററിന് 100 രൂപയ്ക്ക് മുകളിലെത്തിയിട്ടുണ്ട്. ഡല്‍ഹി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുള്‍പ്പെടെ നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെ പെട്രോള്‍ വിലയും ലിറ്ററിന് 100 രൂപയ്ക്ക് മുകളിലാണ്. പശ്ചിമ ബംഗാള്‍, കേരളം, ആസ്സാം, തമിള്‍ നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നിയമ സഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായതിന് ശേഷം മെയ് 4 മുതല്‍ രാജ്യത്തെ ഇന്ധന വില തുടര്‍ച്ചയായി മുകളിലേക്ക് തന്നെയായിരുന്നു.