കൊച്ചി:രാജ്യത്ത് കാെവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ നട്ടം തിരിയുന്നതിനിടെ തുടർച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഡീസൽ ലിറ്ററിന് 60 പൈസയും പെട്രോൾ ലിറ്ററിന് 56 പൈസയുമാണ് ഇന്ന് കൂടിയത്.
കഴിഞ്ഞ 13 ദിവസത്തിനിടെ ഒരു ലിറ്റർ ഡീസലിന് ഏഴ് രൂപ 28 പൈസയും പെട്രോളിന് ഏഴ് രൂപ ഒമ്പത് പൈസയുമാണ് കൂടിയത്. ഇതോടെ പെട്രോൾ വില ലിറ്ററിന് 78.37 രൂപയും ഡീസൽ ലിറ്ററിന് 72.97 രൂപയുമായി. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് എണ്ണക്കമ്പനികൾ ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.
കോവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.