കൊള്ള തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി: ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ പെട്രോളിന് 6.65 രൂപയും ഡീസലിന് 7.53രൂപയുമാണ് വര്‍ധിച്ചത്.

കൊച്ചിയില്‍ ഇന്ന് പെട്രോളിന് 108.60 രൂപയും ഡീസലിന് 102.43 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 110.59 രൂപയും ഡീസലിന് 104.30 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിനും ഡീസലിനും യഥാക്രമം 108.82 രൂപയും 102.66 രൂപയുമാണ്.

ഇന്ധനവില വര്‍ദ്ധന വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ നവമ്പര്‍ 9 മുതല്‍ അനിശ്ചിത കാലത്തേക്ക് സര്‍വീസ് നിര്‍ത്തിവക്കും. ബസുടമ സംയുക്ത സമിതി ഗതാഗത മന്ത്രിക്ക് നോട്ടീസ് നല്‍കി.

മിനിമം ചാര്‍ജ് 12 രൂപയാക്കണം. കി.മീ. നിരക്ക് ഒരു രൂപയായി വര്‍ദ്ധിപ്പിക്കണം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജ് 6 രൂപയാക്കണം. തുടര്‍ന്നുള്ള ചാര്‍ജ്, യാത്രാ നിരക്കിന്റെ 50 ശതമാനമാക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News