KeralaNews

വാക്സിൻ ചലഞ്ചിൽ സഹായിച്ചാലും ഇല്ലെങ്കിലും കേരളത്തിലുള്ളവർക്ക് സൗജന്യ വാക്സിൻ ഉറപ്പ് : തോമസ് ഐസക്

തിരുവനന്തപുരം : വാക്സിൻ ചലഞ്ചിൽ സഹായിച്ചാലും ഇല്ലെങ്കിലും കേരളത്തിലുള്ളവർക്ക് സൗജന്യ വാക്സിൻ ഉറപ്പെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“ബജറ്റിൽ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്സിൻ ചലഞ്ച് എന്നാണ് പ്രതിപക്ഷനേതാവിന്റെ എമണ്ടൻ ചോദ്യം. വാക്സിൻ വാങ്ങാൻ പണം ഇല്ലേയെന്ന് മാധ്യമങ്ങളും ചോദിക്കുന്നു. വളച്ചുകെട്ടൊന്നും ഇല്ലാതെ നേരെയങ്ങു പറയട്ടേ. ട്രഷറിയിൽ ഇപ്പോൾ ക്യാഷ് ബാലൻസ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്സിൻ റെഡ്ഡി ക്യാഷ് നൽകി വാങ്ങാനുള്ള പണം സർക്കാരിന്റെ പക്കലുണ്ട്”, ധനമന്ത്രി പോസ്റ്റിൽ കുറിച്ചു.

“കൊവിഡുകാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇതു തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാർ ഈ ആപത്ഘട്ടത്തിൽ പ്രളയകാലത്തെന്നപോലെ നമ്മുടെ സ്വയംരക്ഷയ്ക്ക് സർക്കാരിനോടൊപ്പം ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യർത്ഥന നടത്താതെ തന്നെ സഹായഹസ്തമായി സാധാരണക്കാർ മുന്നോട്ടുവന്നതാണ് വാക്സിൻ ചലഞ്ചിന്റെ പ്രത്യേകത. സർക്കാരല്ല, സാധാരണക്കാരാണ് ചലഞ്ച് പ്രഖ്യാപിച്ചത്”, തോമസ് ഐസക് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ബജറ്റിൽ പ്രഖ്യാപിച്ച കാര്യത്തിന് എന്തിനാണ് വാക്സിൻ ചലഞ്ച് എന്നാണ് പ്രതിപക്ഷനേതാവിന്റെ എമണ്ടൻ ചോദ്യം. വാക്സിൻ വാങ്ങാൻ പണം ഇല്ലേയെന്ന് മാധ്യമങ്ങളും ചോദിക്കുന്നു. വളച്ചുകെട്ടൊന്നും ഇല്ലാതെ നേരെയങ്ങു പറയട്ടേ. ട്രഷറിയിൽ ഇപ്പോൾ ക്യാഷ് ബാലൻസ് അഥവാ മിച്ചം 3000 കോടി രൂപയാണ്. ആവശ്യമായ വാക്സിൻ റെഡ്ഡി ക്യാഷ് നൽകി വാങ്ങാനുള്ള പണം സർക്കാരിന്റെ പക്കലുണ്ട്.

പക്ഷെ മരുന്നു വാങ്ങുന്നതിനു ചില നടപടി ക്രമങ്ങളുണ്ട്. അവ പൂർത്തീകരിച്ച് കേരളത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിന് സെക്രട്ടറിമാരുടെ കമ്മിറ്റിയെ നിയോഗിച്ചതായി മുഖ്യമന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പോൾ അടുത്ത ചോദ്യം – പണം ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് വാക്സിൻ ചലഞ്ച്? ഇപ്പോൾ പ്രധാനമന്ത്രിയുടെ പ്രഖ്യാപന പ്രകാരം 1300 കോടി രൂപയെങ്കിലും വാക്സിൻ സൗജന്യമായി നൽകാൻ സംസ്ഥാനത്തിനു ചെലവുവരും. അത്രയും പണം ഇപ്പോൾ വകയിരുത്തിയിട്ടില്ല. പക്ഷെ, അതു പ്രശ്നമല്ല. ബജറ്റിൽ പ്രഖ്യാപിച്ചതാണല്ലോ.

അതുകൊണ്ട് നിലവിൽ മരുന്നിനുള്ള ബജറ്റ് ഹെഡ്ഡിനു കീഴിൽ ഇപ്പോഴുള്ള ട്രഷറി ക്യാഷ് ബാലൻസിൽ നിന്ന് അധികച്ചെലവ് നടത്താവുന്നതേയുള്ളൂ. പിന്നീട് നിയമസഭ ചേരുമ്പോൾ ഉപധനാഭ്യർത്ഥനയിലൂടെ സഭയുടെ അംഗീകാരം നേടിയാൽ മതിയാകും. ഇത് അറിയാത്ത ആളാണ് പ്രതിപക്ഷനേതാവ് എന്നു തോന്നുന്നില്ല. പക്ഷെ, അധികച്ചെലവിനുള്ള പണം എവിടെ നിന്നു കണ്ടെത്തും? നമ്മുടെ ബജറ്റിന്റെ മൊത്തം ചെലവ് 1.60 ലക്ഷം കോടി രൂപയാണ്. അതിൽ ഏതെങ്കിലും ഇനത്തിൽ പണം കുറവുവരുത്തണം. അല്ലെങ്കിൽ അധിക വരുമാനം കണ്ടെത്തണം.

കൊവിഡുകാലത്ത് വരുമാനം കൂടാനല്ല, കുറയാനാണ് പോകുന്നത്. ഇതു തിരിച്ചറിഞ്ഞ ഒരുപാട് സാധാരണക്കാർ ഈ ആപത്ഘട്ടത്തിൽ പ്രളയകാലത്തെന്നപോലെ നമ്മുടെ സ്വയംരക്ഷയ്ക്ക് സർക്കാരിനോടൊപ്പം ചേർന്നു നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണത്തെപ്പോലെ അഭ്യർത്ഥന നടത്താതെ തന്നെ സഹായഹസ്തമായി സാധാരണക്കാർ മുന്നോട്ടുവന്നതാണ് വാക്സിൻ ചലഞ്ചിന്റെ പ്രത്യേകത. സർക്കാരല്ല, സാധാരണക്കാരാണ് ചലഞ്ച് പ്രഖ്യാപിച്ചത്.

അത്തരത്തിലൊരു പൗരബോധം പ്രതിപക്ഷ നേതാവിനും ബിജെപി നേതാക്കൾക്കും ഇല്ലായെന്നു വ്യക്തം. എങ്കിലും ഒരു കാര്യം അവർക്ക് ഉറപ്പുനൽകാം. സഹായിച്ചില്ലെങ്കിലും സൗജന്യ വാക്സിൻ നിങ്ങൾക്കും ഉറപ്പ്.

അപ്പോഴാണ് ട്രോളർമാരുടെ രംഗപ്രവേശനം. പണം ബജറ്റിൽ വകയിരുത്താതെയാണോ സൗജന്യം പ്രഖ്യാപിച്ചത്? പിന്നെ തെളിവായി ബജറ്റു കാലത്തെ എന്റെ അഭിമുഖങ്ങളുടെ വീഡിയോകളും. എന്തോ വലിയ തട്ടിപ്പു കണ്ടുപിടിച്ചമാതിരിയാണ് അർമാദം. കൊവിഡു തുടങ്ങിയ കാലത്ത് കേന്ദ്രത്തിന്റെ കൈയ്യിൽ പണം ഇല്ലെങ്കിൽ നോട്ട് അച്ചടിക്കട്ടേയെന്ന്

ഞാൻ പറഞ്ഞപ്പോൾ ഉണ്ടായ വിഡ്ഡിച്ചിരി പോലെയൊന്ന്.
ബജറ്റിംഗ് രീതിയെക്കുറിച്ചുള്ള വിവരം കമ്മിയായതുകൊണ്ടുള്ള പ്രശ്നമാണിത്. ബജറ്റിൽ രണ്ടു കണക്കുണ്ട്. ഒന്ന്, നിലവിലുള്ള ഹെഡ് ഓഫ് അക്കൌണ്ടുകളിലേയ്ക്കു നീക്കിവെയ്ക്കുന്ന വിഹിതം. രണ്ട്, പ്രസംഗത്തിൽ പറയുന്ന ചെലവുകൾ. പ്രത്യേക ഹെഡ് ഓഫ് അക്കൌണ്ടില്ലാതെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്ന ചെലവുകൾക്ക് പിന്നീട് ഉപധനാഭ്യർത്ഥനയിലൂടെ പണം അനുവദിക്കുകയെന്നതാണ് സർക്കാരിന്റെ ധനവിനിയോഗ രീതി. കൃത്യമായി എത്ര രൂപ വകയിരുത്തണമെന്ന് അപ്പോഴാണ് തീരുമാനിക്കുക. ബജറ്റ് അംഗീകരിച്ചു എന്നു പറഞ്ഞാൽ ഈ ചെലവും അംഗീകരിച്ചു എന്നാണ് അർത്ഥം.

കോവിഡ് വാക്സിൻ കേരളീയർക്ക് സൌജന്യമായി നൽകും എന്ന ബജറ്റ് നിർദ്ദേശം സഭ അംഗീകരിച്ചു കഴിഞ്ഞു. ഏത് ഹെഡ് ഓഫ് അക്കൗണ്ടിൽ എത്ര രൂപ മാറ്റിവെച്ചിരിക്കുന്നു എന്ന ചോദ്യത്തിനൊന്നും ഒരു പ്രസക്തിയുമില്ല. എത്ര രൂപ ആയാലും അതിനൊരു ഹെഡ് ഓഫ് അക്കൗണ്ട് സൃഷ്ടിച്ച് അധിക ധനാഭ്യർത്ഥനയിലൂടെ ആവശ്യമായ സമയത്ത് അത് നിയമസഭ അംഗീകരിക്കും. അക്കാര്യത്തിൽ ആർക്കും ഒരു ബേജാറും വേണ്ട. ഈ നടപടിക്രമങ്ങളെക്കുറിച്ചും ഒരു ചുക്കും അറിയാത്തവർ പലതും പ്രചരിപ്പിക്കും.

കാര്യഗൌരവമുള്ള ആരും അതൊന്നും കണക്കിലെടുക്കില്ല. ഇനിയഥവാ ആരെങ്കിലും ആ പ്രചരണത്തിൽ വീണുപോയി എന്നിരിക്കട്ടെ, അവർക്കും വാക്സിൻ സൗജന്യമായിത്തന്നെ ലഭിക്കും. തെറ്റിദ്ധാരണയ്ക്ക് അടിപ്പെട്ടുപോയി എന്നതുകൊണ്ട് വാക്സിൻ ഫലപ്രദമാകില്ല എന്നൊന്നുമില്ലല്ലോ. ജനാധിപത്യത്തിൽ കുറച്ചു തെറ്റിദ്ധാരണയൊക്കെ പടരും. അതുപക്ഷേ, കോവിഡ് പോലെ മാരകമൊന്നുമാവില്ല.

ബജറ്റ് അവതരിപ്പിക്കുന്ന സമയത്ത് കോവിഡ് വാക്സിന് എത്ര രൂപയാകുമെന്ന് എങ്ങനെ കണക്കു കൂട്ടാനാകും? ഇപ്പോഴത്തെ പ്രഖ്യാപനം അനുസരിച്ച് 1300 കോടി രൂപ വേണം. എന്നാൽ ഇനി വാക്സിനു വില കൂടുകയാണെങ്കിലോ? കോ-വാക്സിനു 600 രൂപയെന്നു റിപ്പോർട്ടു വന്നുകഴിഞ്ഞു. ഈ വിലവർദ്ധനവിനെതിരെ ശക്തമായി പ്രതിഷേധിക്കും. സൗജന്യമായി തരണമെന്ന് ആവശ്യപ്പെടും. കേന്ദ്രസർക്കാർ ചെവികൊള്ളുന്നില്ലെങ്കിൽ ജനങ്ങളെ ശിക്ഷിക്കില്ല. വില എത്രയായാലും സർക്കാർ വാങ്ങും, ജനങ്ങൾക്ക് സൌജന്യമായി വിതരണം ചെയ്യുകയും ചെയ്യും.

പിന്നെ, അഭിമുഖങ്ങളിൽ പറഞ്ഞത് ഇന്നു നാടിന് ഏറ്റവും പ്രധാനം ഒരു ദിവസം മുമ്പെങ്കിൽ ഒരു ദിവസം മുമ്പ് മുഴുവൻ ജനങ്ങളെയും വാക്സിനേറ്റ് ചെയ്യുകയെന്നതാണ്. വാക്സിൻ ലഭ്യമാണെങ്കിൽ കേന്ദ്രം തന്നില്ലെങ്കിൽപോലും വില കൊടുത്തു കേരളം വാങ്ങും, ഈ നാട്ടിലെ ജനങ്ങളെ സംരക്ഷിക്കുമെന്നാണ് അഭിമുഖത്തിൽ പറയുന്നത്. കാരണം വാക്സിന്റെ വിലയേക്കാൾ എത്രയോ വലുതായിരിക്കും ഉണ്ടായേക്കാവുന്ന ദേശീയ വരുമാന നഷ്ടം. ഈ തിരിച്ചറിവ് കേന്ദ്രം ഭരിക്കുന്നവർക്ക് ഇല്ല. അല്ലെങ്കിൽ ഇന്ത്യയിൽ നിന്ന് വാക്സിൻ കയറ്റുമതി ചെയ്യാൻ അനുവാദം നൽകുമോ? ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നടത്തിയ രാജ്യങ്ങളിൽ ഒന്നല്ലേ ഇന്ത്യ? ഇതിന്റെയൊക്കെ ഫലമെന്താണ്? ഇതൊന്നു ചിന്തിച്ചിട്ട് ഞാൻ പറഞ്ഞത് ഒന്നുകൂടി കേൾക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button