NationalNews

ബിജെപി അധികാരത്തിലെത്തിയാല്‍ അയോധ്യയിലേക്ക് സൗജന്യയാത്ര; വാഗ്ദാനവുമായി അമിത് ഷാ

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി ജെ പി അധികാരം നിലനിര്‍ത്തിയാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വിദിഷ ജില്ലയിലെ സിറോഞ്ച് നിയമസഭാ സീറ്റില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ബി ജെ പി അധ്യക്ഷനായിരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി രാമക്ഷേത്ര നിര്‍മാണത്തിന്റെ തീയതി ചോദിക്കാറുണ്ടായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

‘2024 ജനുവരി 22 ന് അയോധ്യയില്‍ ശ്രീരാമന്റെ വിഗ്രഹ പ്രതിഷ്ഠ ഉണ്ടാകുമെന്നാണ് ഞാന്‍ പറയുന്നത്,” അദ്ദേഹം പറഞ്ഞു. അയോധ്യയില്‍ പുതുതായി നിര്‍മ്മിച്ച ശ്രീരാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താന്‍ പണം ചെലവഴിക്കുമോയെന്ന് അമിത് ഷാ റാലിയില്‍ തടിച്ചുകൂടിയവരോട് ചോദിച്ചു. എന്നാല്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ അയോധ്യാ ദര്‍ശനത്തിന് പണം ചിലവാക്കേണ്ടി വരില്ലെന്ന് അദ്ദേഹം പറഞ്ഞു.

”മധ്യപ്രദേശില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഓരോന്നായി അയോധ്യയില്‍ ശ്രീരാമന്റെ ദര്‍ശനം ലഭിക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും. സ്വന്തമായി ഗ്യാരണ്ടിയില്ലാത്തവര്‍ക്ക് എന്ത് വാഗ്ദാനമാണ് മുന്നോട്ടുവെക്കാനാകുക എന്ന് കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ പരിഹസിച്ച് കൊണ്ട് അമിത് ഷാ പറഞ്ഞു. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ 10 വര്‍ഷത്തെ ഭരണകാലത്ത് മധ്യപ്രദേശിന് 2 ലക്ഷം കോടി രൂപ അനുവദിച്ചു.

എന്നാല്‍ മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 6.35 ലക്ഷം കോടി രൂപയാണ് സംസ്ഥാനത്തിന് നല്‍കിയത് എന്നും വിവിധ പദ്ധതികളിലായി 5 ലക്ഷം കോടി രൂപ അധികമായി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശില്‍, 93 ലക്ഷം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവര്‍ഷം 6000 രൂപ നിരക്കില്‍ 21000 കോടി രൂപ നിക്ഷേപിച്ചു എന്നും അമിത് ഷാ പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ അഞ്ച് ലക്ഷം രൂപ വരെ ചികിത്സ സൗജന്യമായിരിക്കുമെന്നും ഇത് 10 ലക്ഷം രൂപയായി ഉയര്‍ത്തുമെന്നും അമിത് ഷാ പറഞ്ഞു. 2003-ല്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് മധ്യപ്രദേശിനെ നയിച്ചത് ദിഗ്വിജയ സിംഗ് ആയിരുന്നു, അദ്ദേഹം തന്റെ 10 വര്‍ഷത്തെ ഭരണത്തില്‍ മധ്യപ്രദേശിനെ പിന്നാക്ക സംസ്ഥാനമാക്കി മാറ്റിയെന്നും അമിത് ഷാ പറഞ്ഞു.

മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥും രാജ്യസഭാംഗം ദിഗ്വിജയ സിംഗും തങ്ങളുടെ മക്കള്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും സോണിയാ ഗാന്ധി തന്റെ മകന്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്നും അമിത് ഷാ പരിഹസിച്ചു. കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയപ്പോള്‍, മധ്യപ്രദേശിന്റെ ബജറ്റ് 23,000 കോടി രൂപയില്‍ നിന്ന് 3.14 ലക്ഷം കോടി രൂപയായി ഉയര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button