തിരുവനന്തപുരം:പഠനകാലത്ത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചുള്ള അവബോധം പ്രധാനമാണെന്ന് മന്ത്രി വീണാ ജോര്‍ജ്. ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി നടപ്പാക്കുമ്ബോള്‍ അതത് സ്‌കൂളുകളിലെ ആണ്‍ കുട്ടികളിലും, ആര്‍ത്തവം എന്നത് സ്വാഭാവികവും ജൈവികവുമായ ഒരു പ്രക്രിയയാണെന്ന ബോധം വളരുന്നതിനും, അതു വഴി സഹ വിദ്യാര്‍ത്ഥിനികളോടുള്ള അവരുടെ സമീപനം മാറുന്നതിനും ആ രീതിയിലുള്ള വിദ്യാഭ്യാസം ലഭിക്കുന്നതിനും സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വനിത വികസന കോര്‍പറേഷന്റെ ആര്‍ത്തവ ശുചിത്വ പരിപാലന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സാമൂഹികവും വിദ്യാഭ്യാസപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിയ്ക്കാണ് തുടക്കം കുറിക്കുന്നത്.കൗമാരപ്രായക്കാരായിട്ടുള്ള പ്രത്യേകിച്ച് 6 മുതല്‍ 12 വരെ ക്ലാസില്‍ പഠിക്കുന്ന പെണ്‍മക്കള്‍ക്ക് വേണ്ടി പ്രത്യേകമായി ആവിഷ്‌ക്കരിച്ചിരിക്കുന്ന പരിപാടിയാണിത്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്നുള്ളതാണ് പ്രധാനം. ഈ പദ്ധതിയിലൂടെ സാമൂഹികമായും സാമ്ബത്തികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥിനികളുടെ പഠനവേളയിലെ ആര്‍ത്തവകാലം സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആരോഗ്യകരവും ശുചിത്വമുള്ളതുമാക്കി മാറ്റി അവരെ ആരോഗ്യവതികളാക്കി മാറ്റുന്നു.
കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി ഗുണനിലവാരമുള്ള സുരക്ഷിതമായ പാഡുകളും അനുബന്ധ ഉപകരണങ്ങളും വിദ്യാലയങ്ങളില്‍ ലഭ്യമാക്കി മികച്ച ശുചിത്വ പ്രവണതകള്‍ പ്രോത്സാഹിപ്പിക്കുന്നു. ഈ പദ്ധതി പൂര്‍ണമായും നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായിരിക്കും കേരളം. സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്നുകൂടിയാണ് നടപ്പിലാക്കുന്നത്. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആര്‍ത്തവ മാലിന്യങ്ങള്‍ നശിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഉറപ്പാക്കുന്നു. മുതിര്‍ന്ന ടീച്ചര്‍മാരുടെ/സ്‌കൂള്‍ കൗണ്‍സിലര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തി പെണ്‍കുട്ടികളുടെ കൗമാരസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സംശയ നിവാരണം വരുത്തുന്നതിനും സാഹചര്യം ഒരുക്കുകയും ചെയ്യുന്നതായും മന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കി.
എം.എച്ച്.എം. തീം പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍ കുട്ടി നിര്‍വഹിച്ചു. ഈ പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ പിന്തുണയും നല്‍കുന്നതായി വി. ശിവന്‍കുട്ടി പറഞ്ഞു. ജൈവിക പ്രക്രിയ മാത്രമായ ആര്‍ത്തവത്തെ കുറിച്ച് നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ മാറാന്‍ ഈ പരിപാടി സഹായിക്കട്ടെ. സമ്ബൂര്‍ണ സാക്ഷരത അവകാശപ്പെടുന്ന കേരളത്തില്‍ പോലും സ്ത്രീ അശുദ്ധയാണെന്ന് വാദിക്കുന്നവര്‍ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഉണ്ടെന്ന് കണ്ടതാണ്. സ്ത്രീക്ക് പ്രകൃതി നല്‍കിയിയിരിക്കുന്ന സ്വാഭാവികമായ ഒരു സവിശേഷതയെ പഴയകാലത്ത് അശുദ്ധമായി കണക്കാക്കിയിരുന്നത് അവരുടെ അറിവില്ലായ്മ മൂലമായിരുന്നു. എന്നാല്‍ ശാസ്ത്രം അത്ഭുതകരമായ നേട്ടം ഉണ്ടാക്കിയിട്ടും ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീയെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. സ്വതന്ത്രമായ ജീവിതത്തിന് ആര്‍ത്തവം ഒരു തടസമല്ലെന്ന് പെണ്‍കുട്ടികള്‍ക്ക് ബോധ്യമുണ്ടാകണം. അതിനവരെ പ്രാപ്തമാക്കണം. പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളും ഇത് മനസിലാക്കണം. എങ്കില്‍ മാത്രമേ ലിംഗനീതി ഉറപ്പാകൂവെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
വനിത വികസന കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.സി. ബിന്ദു സ്വാഗതമാശംസിച്ച ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ കെ.എസ്. സലീഖ അധ്യക്ഷത വഹിച്ചു. എച്ച്.എല്‍.എല്‍. ലൈഫ് കെയര്‍ ലിമിറ്റഡ് ചെയര്‍മാന്‍ കെ. ബെജി ജോര്‍ജ്, വനിത വികസന കോര്‍പറേഷന്‍ മാനേജര്‍ പ്രോജക്‌ട്‌സ് എസ്. ആശ എന്നിവര്‍ പങ്കെടുത്തു.