മലപ്പുറം: ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. നിരവധി കുടുംബങ്ങള്‍ പട്ടിണിയുടെ വക്കിലാണ്. ജനം പട്ടിണിയിലായതോടെ തന്റെ വാര്‍ഡില്‍ ആരും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനവുമായി രംഗത്ത് വന്നിരിക്കുകയാണ് കാളികാവ് ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് അംഗം സി.ടി. സക്കരിയ. അതിനായി സക്കരിയ എടുത്ത തീരുമാനവും തികച്ചും വ്യത്യസ്തമാണ്. സൗജന്യമായി ഭക്ഷണ സാധനം എല്ലാവര്‍ക്കും നല്‍കുക എന്നതാണ് തീരുമാനം.
വീട്ടിലേക്ക് ഭക്ഷണത്തിനാവശ്യമുള്ള സാധനങ്ങള്‍ ആര്‍ക്കും വാര്‍ഡിലെ ഒരു കടയില്‍നിന്ന് വാങ്ങാനുള്ള സംവിധാനമാണ് ഏര്‍പ്പാട് ചെയ്തിരിക്കുന്നത്. കടക്കാരനോട് പേരോ വിലാസമോ ഒന്നും വെളിപ്പെടുത്തേണ്ടതില്ല. സാധനങ്ങള്‍ വാങ്ങിക്കഴിഞ്ഞ് പണം സക്കരിയയുടെ പറ്റില്‍ ചേര്‍ക്കാന്‍ പറഞ്ഞാല്‍ മാത്രം മതി. ആരാണ് സാധനം വാങ്ങിയത് എന്ന് തനിക്കും അറിയേണ്ടെന്ന് സക്കറിയ കടക്കാരനോടും പറഞ്ഞിട്ടുണ്ട്.
ലോറി ഡ്രൈവറായി ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാധാരണക്കാരനായ ഒരു പഞ്ചായത്തംഗമാണ് സക്കറിയ. ‘രണ്ടുമാസം ബാങ്ക് വായ്പയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടല്ലോ. വായ്പയിലേക്ക് അടയ്ക്കാനുള്ള പണം കടയില്‍ കൊടുക്കും. എന്റെ മക്കള്‍ പട്ടിണികിടക്കാത്ത കാലത്തോളം നിങ്ങളുടെ മക്കളും പട്ടിണിയിലാവില്ല’-സക്കറിയ പറയുന്നു.
കറുത്തേനിയിലെ ചോലയില്‍ ഇബ്രാഹീമിന്റെ കടയാണ് ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ വാങ്ങാനായി ഏര്‍പ്പാട് ചെയ്തത്. സാധനം വാങ്ങിക്കുന്നവരുടെ പേരുവിവരം തന്നോടും വെളിപ്പെടുത്തണ്ടേന്ന് കടയുടമയോടും സക്കരിയ നിര്‍ദേശിച്ചിട്ടുണ്ട്. ‘തീരെ ദരിദ്രരായവര്‍ക്ക് പല ഭാഗങ്ങളില്‍ നിന്നും സഹായമെത്തുന്നുണ്ട്. ഇടത്തരക്കാരിലും പ്രവാസി കുടുംബങ്ങളിലും കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നവരുണ്ട്. അതാരുമറിയാറില്ല, ഇവര്‍ ആരുടെമുന്നിലും കൈനീട്ടാറുമില്ല’-സക്കരിയ പറയുന്നു.
മൂന്നുദിവസത്തിനുള്ളില്‍ 15 കുടുംബങ്ങള്‍ സക്കരിയയുടെ പറ്റില്‍ സാധനങ്ങള്‍ വാങ്ങി. ശരാശരി 500 രൂപവരെ വിലവരുന്ന സാധനങ്ങള്‍ ഓരോരുത്തരും വാങ്ങിക്കുന്നുണ്ട്. പ്രതിസന്ധി തീരുംവരെ ഈരീതി തുടരുമെന്നും സക്കരിയ പറഞ്ഞു. രണ്ടുഘട്ടങ്ങളിലായി വാര്‍ഡിലെ ഭൂരിഭാഗം വീടുകളിലും സക്കരിയ ഭക്ഷണക്കിറ്റുകള്‍ എത്തിച്ചിട്ടുണ്ട്.