InternationalNews

പുതുവര്‍ഷത്തില്‍ സൗജന്യ കോണ്ടം വിതരണം,ഫ്രാന്‍സിന്റെ ലക്ഷ്യം ലൈംഗിക രോഗങ്ങളില്‍ നിന്ന് മുക്തി

പാരീസ്: ലൈംഗിക രോഗങ്ങളെ ചെറുക്കുന്നതിന് വിപ്ലവകരമായൊരു ചുവടുവയ്പുമായി ഫ്രാൻസ്.26 വയസിന് താഴെയുള്ള യുവാക്കൾക്കെല്ലാം രാജ്യത്ത് സൗജന്യമായി കോണ്ടം വിതരണം ചെയ്യാനാണ് ഫ്രാൻസിന്റെ തീരുമാനം.പദ്ധതിയെക്കുറിച്ച് പോയ വർഷം അവസാനത്തിൽ തന്നെ ഫ്രാൻസ് അറിയിച്ചിരുന്നു.ഇത് വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടുകയും ചെയ്തിരുന്നു.

പുതുവർഷം തുടങ്ങി തീരുമാനം പ്രാബല്യത്തിൽ വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോൾ 2023ലേക്ക് കടന്നതോടെ തീരുമാനം പ്രാവർത്തികമാക്കിയിരിക്കുകയാണ് ഫ്രാൻസ്.18 മുതൽ 25 വയസ് വരെയുള്ള യുവാക്കൾക്കാണ് കോണ്ടം സൗജന്യമായി നൽകുന്നത്. ലൈംഗികരോഗങ്ങളെ ചെറുക്കുകയെന്നത് തന്നെയാണ് പ്രധാന ലക്ഷ്യമെന്ന് പദ്ധതിയെ കുറിച്ച് വിശദീകരിക്കവെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രൺ അറിയിച്ചിരുന്നു.

‘ആഗോളതലത്തിൽ തന്നെ ലൈംഗികരോഗങ്ങൾ യുവാക്കൾക്കിടയിൽ വ്യാപകമാവുകയാണ്. ഈ സാഹചര്യത്തിലാണ് ഞങ്ങൾ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയിരിക്കുന്നത്. യുവത ആരോഗ്യകരമായും സുരക്ഷിതമായും വേണം ലൈംഗികബന്ധത്തിലേർപ്പെടാൻ. ഇക്കാര്യം സ്വയം ഉറപ്പുവരുത്താൻ അവർക്ക് സാധിക്കട്ടെ. ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലേക്ക് വന്നാൽ നാം എന്താണോ പഠിക്കുന്നത്, പറയുന്നത് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും യാഥാർത്ഥ്യം…’ എന്നായിരുന്നു ഇമ്മാനുവൽ മാക്രണിന്റെ വാക്കുകൾ.

ഫ്രാൻസിൽ ഇരുപത്തിയഞ്ച് വയസിന് താഴെ പ്രായം വരുന്ന സ്ത്രീകൾക്ക് നേരത്തെ തന്നെ ഗർഭനിരോധന ഗുളികകൾ സൗജന്യമാണ്. ഡോക്ടർമാരുടെ പ്രിസ്‌ക്രിപ്ഷൻ ഇല്ലാതെ തന്നെ ഈ ഗുളികകൾ യുവതികൾക്ക് ലഭിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2020ലും 2021ലും ഫ്രാൻസിൽ ലൈംഗികരോഗങ്ങളുടെ തോത് മുപ്പത് ശതമാനത്തോളം കൂടിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനവുമായി സർക്കാരെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button