NationalNewsPolitics

സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണം, സർക്കാർ വാർഷിക ദിനത്തിൽ ജനങ്ങളുടെ ഹൃദയം തൊട്ട് എം.കെ.സ്റ്റാലിൻ

ചെന്നൈ: സർക്കാർ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രഭാത ഭക്ഷണ (Free Break Fast) പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ (M K Stalin). ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യഭക്ഷണം നൽകുക. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനം. ആദ്യഘട്ടത്തിൽ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോർപറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഇതിനായി 180 കോടി രൂപ വകയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, തമിഴ്നാട്ടില്‍ എം കെ സ്റ്റാലിന്റെ മതനിരപേക്ഷ പുരോഗമന മുന്നണി സര്‍ക്കാര്‍ അധികാരമേറ്റിട്ട് ഇന്ന് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ തുടർവിജയങ്ങളും ദേശീയ പ്രതിപക്ഷനിരയിലെ നേതൃപരമായ ഇടപെടലുകളും ഈകാലയളവിൽ സ്റ്റാലിനെ കൂടുതൽ കരുത്തനാക്കി. ഡിഎംകെ ആവിഷ്കരിച്ച് നടപ്പാക്കുന്ന ദ്രാവിഡ മോഡൽഭരണത്തിന് സംസ്ഥാനത്തിനകത്തും വലിയ സ്വീകാര്യതയാണ് കിട്ടുന്നത്.

സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏതൊരു സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും സ്വപ്നം കാണുന്ന പിന്തുണയും അംഗീകാരവുമാണ് ഒരു വർഷം കൊണ്ട് ഡിഎംകെ സർക്കാരും മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി സ്റ്റാലിനും നേടിയത്. സാമൂഹികനീതിയും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ നയപരിപാടികൾക്ക് വിവിധ തുറകളിൽ നിന്ന് മികച്ച പിന്തുണ കിട്ടി. പാർട്ടിയിലും മുന്നണിയിലും പാളയത്തിൽപടയില്ല, ഭരണവിരുദ്ധ വികാരമില്ല, സർക്കാരിന് തലവേദനയാകുന്ന ജനകീയ സമരപ്രക്ഷോഭങ്ങളൊന്നുംഇതുവരെയില്ല, കേരളമടക്കം അയൽ സംസ്ഥാനങ്ങളുമായി മെച്ചപ്പെട്ട ബന്ധം, പ്രതിപക്ഷമാകട്ടെ അതീവദുർബലവുമാണ്.

പത്തുകൊല്ലം പ്രതിപക്ഷത്തിരുന്ന ശേഷം 2021 മെയ് മാസം ഏഴിന് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ സ്റ്റാലിന് അനുകൂല ഘടകങ്ങളായിരുന്നു ഏറെയും. ജയലളിതയുടെ വിയോഗത്തെ തുടർന്ന് അകമേ ശിഥിലമായ അണ്ണാ ഡിഎംകെ മുത്തുപൊട്ടിയ മാല പോലെചിതറിയത് സ്റ്റാലിന്‍റെ വഴിയെളുപ്പമാക്കി. കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക പ്രശ്നങ്ങളും ചിട്ടയായ ആസൂത്രണത്തിൽ മറികടക്കുന്നു. വിശ്വസ്ഥരായ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തെ രൂപപ്പെടുത്താൻ സ്റ്റാലിന് കഴിഞ്ഞു.. അഴിമതിയോട് സീറോ ടോളറൻസ് നയം കണിശമായി നടപ്പാക്കി.

എല്ലാം എല്ലാവർക്കും എന്നാണ് ഡിഎംകെ സർക്കാർ മുന്നോട്ടുവയ്ക്കുന്ന ദ്രാവിഡ മോഡൽ മുദ്രാവാക്യം. അയിത്തവും അടിമപ്പണിയും അനാചാരങ്ങളും തടയാൻ മുഖ്യമന്ത്രി മുന്നിട്ടിറങ്ങി. മന്ത്രിമാരുടെ മിന്നൽസന്ദർശനങ്ങളും ഉടനടി നടപടികളും സർക്കാരിന്റെ ഇമേജുയർത്തി. ദളിതർക്കും സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പ്രത്യേക പരിഗണന നൽകി. അതേസമയം അഴിമതിക്കേസുകളിലൂടെയും മുൻമന്ത്രിമാരുടെ വീടുകളിലെ അപ്രതീക്ഷിത റെയ്ഡുകളിലൂടെയും എതിർപാളയത്തെ വരിഞ്ഞുമുറുക്കി. സ്വന്തം പാർട്ടിയുടെ ഗുണ്ടാസംഘത്തെയും മുൻകാലങ്ങളിലെപ്പോലെ ഭരണത്തിന്റെ തണലിൽ അഴിഞ്ഞാടാൻ വിട്ടില്ല.

സാമൂഹിക സുരക്ഷയിലൂന്നുമ്പോഴും ഒരു വര്‍ഷത്തിനിടെ 68,375 കോടിയുടെ നിക്ഷേപത്തിനുള്ള 130 ധാരണപത്രങ്ങൾ ഒപ്പുവച്ചു. എന്നാൽ ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലാണ് സർക്കാരിന്റെ തലവേദന. നീറ്റടക്കം ഒട്ടേറെ നിയമഭേദഗതികൾ വച്ചുതാമസിപ്പിച്ച ഗവർണറുമായി സർക്കാരിന്റെ പോര് തുടരുകയാണ്. കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും ഹിന്ദുത്വ അജണ്ടകളെ നേരിടാൻ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പ്രതിരോധമാതൃകയാണ് ദേശീയ പ്രതിപക്ഷ നിര സ്വീകരിക്കേണ്ടതെന്നാണ് സ്റ്റാലിന്റെ നയം. ഫെഡറൽ അവകാശങ്ങളുടെസംരക്ഷത്തിനായി നിരന്തരം ശബ്ദമുയർത്തിയും കഴിയുന്ന അവസരങ്ങളിലെല്ലാം പ്രതിപക്ഷ പാർട്ടി നേതാക്കളെ പൊതുവേദിയിൽ അണിനിരത്തിയും ആതിഥ്യമൊരുക്കിയും സ്റ്റാലിൻ കരുനീക്കം തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button