‘കളിച്ചത് നിലവാരമില്ലാത്ത കളി, ഞങ്ങൾ ഫൈനൽ അർഹിച്ചിരുന്നില്ല’; റഫറിയെ പഴിച്ച് പരിശീലകൻ, സ്വന്തം പിഴവെന്ന് സഹതാരം; സെമി തോൽവിയിൽ ഫ്രഞ്ച് പടയിൽ ആഭ്യന്തര കലഹം

കളിച്ചത് നിലവാരമില്ലാത്ത കളിയെന്ന് തുറന്നടിച്ച് എംബാപ്പെ; 'ഞങ്ങള്‍ ഫൈനല്‍ അര്‍ഹിച്ചിരുന്നില്ല' എന്ന് ഫ്രഞ്ച് നായകന്‍; റഫറിയെ പഴിച്ച് പരിശീലകന്‍ ദെഷാംപ്സ്; റഫറിയെ മാറ്റിനിര്‍ത്ത്, തോറ്റത് സ്വന്തം പിഴവുകൊണ്ടെന്ന് റയാന്‍ ചെര്‍ക്കി; സെമിയിലെ തോല്‍വിയിലുലഞ്ഞ് ഫ്രാന്‍സ്

ഡാളസ്: ഡാലസില്‍ നടന്ന ആവേശകരമായ ലോകകപ്പ് സെമി ഫൈനലില്‍ സ്‌പെയിനിനോട് പരാജയപ്പെട്ട് ഫ്രാന്‍സ് കിരീടപ്പോരാട്ടത്തില്‍ നിന്ന് പുറത്തായതിന് പിന്നാലെ ഫ്രഞ്ച് ക്യാമ്പില്‍ ഭിന്നത. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ ഫ്രാന്‍സിനെ തകര്‍ത്തുവിട്ടതോടെ ഫ്രഞ്ച് നായകന്‍ കിലിയന്‍ എംബാപ്പെ സ്വന്തം ടീമിനെതിരെ പരസ്യമായി രംഗത്തെത്തി. ഫ്രാന്‍സിന്റെ പ്രകടനം ഒട്ടും നിലവാരമില്ലാത്തതായിരുന്നുവെന്നും ലോകകപ്പ് ഫൈനലില്‍ എത്താന്‍ തങ്ങള്‍ ഒട്ടും അര്‍ഹരായിരുന്നില്ലെന്നും മത്സരശേഷമുള്ള പത്രസമ്മേളനത്തില്‍ എംബാപ്പെ തുറന്നടിച്ചു. കളിയിലെ തന്ത്രപരമായ പാളിച്ചകളെയും സഹതാരങ്ങളുടെ പ്രകടനത്തെയും എംബാപ്പെ ശക്തമായി വിമര്‍ശിച്ചു.

തന്ത്രപരമായും സാങ്കേതികമായും സ്‌പെയിനിന് മുന്നില്‍ ഫ്രാന്‍സ് പൂര്‍ണ്ണമായും കീഴടങ്ങുകയായിരുന്നുവെന്ന് എംബാപ്പെ സമ്മതിക്കുന്നു. സ്പാനിഷ് മധ്യനിരയുടെ ആധിപത്യത്തെ തടയുന്നതില്‍ ഫ്രഞ്ച് പ്രതിരോധവും മധ്യനിരയും പരാജയപ്പെട്ടതാണ് ഈ വന്‍ തിരിച്ചടിക്ക് പ്രധാന കാരണം. മത്സരത്തില്‍ സ്‌പെയിന് മേല്‍ ഉയര്‍ന്ന തലത്തില്‍ സമ്മര്‍ദ്ദം ചെലുത്തി അവരുടെ താളം തെറ്റിക്കാനായിരുന്നു ഫ്രാന്‍സിന്റെ പദ്ധതി. എന്നാല്‍ കളിക്കളത്തില്‍ ഇത് നടപ്പിലാക്കുന്നതില്‍ ഫ്രഞ്ച് താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, മത്സരത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ സ്‌പെയിന് സാധിച്ചു. മിഡ്ഫീല്‍ഡില്‍ സ്‌പെയിന്‍ താരങ്ങള്‍ ഫ്രഞ്ച് താരങ്ങളെക്കാള്‍ എണ്ണത്തില്‍ കൂടുതല്‍ ഉണ്ടായിരുന്നുവെന്നത് വലിയ തിരിച്ചടിയായി. ഒരു ലോകകപ്പ് സെമി ഫൈനലിന് ചേരുന്ന രീതിയിലുള്ള ടച്ചുകളോ നീക്കങ്ങളോ ഫ്രാന്‍സിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഫ്രഞ്ച് നായകനായ എംബാപ്പെയ്ക്ക് മത്സരത്തില്‍ 34 ടച്ചുകള്‍ ലഭിച്ചെങ്കിലും ലക്ഷ്യത്തിലേക്ക് ഒരൊറ്റ ഷോട്ട് പോലും ഉതിര്‍ക്കാന്‍ സ്പാനിഷ് പ്രതിരോധം അനുവദിച്ചതുമില്ല.

അതേസമയം, ലോകകപ്പ് സെമിയിലെ ഈ കനത്ത തോല്‍വിക്ക് പിന്നാലെ ഫ്രഞ്ച് ക്യാമ്പില്‍ കനത്ത നിരാശ പടരുമ്പോള്‍ പരാജയത്തിന്റെ കാരണങ്ങളെ ചൊല്ലി പരിശീലകനും കളിക്കാരും രണ്ട് തട്ടിലാണ്. മത്സരത്തിനിടെ സ്‌പെയിന് അനുകൂലമായി റഫറി പെനല്‍റ്റി അനുവദിച്ചതുള്‍പ്പെടെയുള്ള ചില തീരുമാനങ്ങള്‍ വലിയ വിവാദമായിരുന്നു. സാല്‍വഡോറന്‍ റഫറിയായ ഇവാന്‍ ബാര്‍ട്ടണാണ് മത്സരം നിയന്ത്രിച്ചിരുന്നത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് റഫറിയുടെ യോഗ്യതയെ ചോദ്യം ചെയ്ത് രംഗത്തെത്തി. ഒരു ലോകകപ്പ് സെമിഫൈനല്‍ നിയന്ത്രിക്കാന്‍ ആവശ്യമായ യോഗ്യത ഈ റഫറിക്കുണ്ടോ എന്നായിരുന്നു ദെഷാംപ്‌സിന്റെ രൂക്ഷമായ പ്രതികരണം.

എന്നാല്‍ പരിശീലകന്റെ ഈ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രതികരണമാണ് ഫ്രഞ്ച് മധ്യനിര താരം റയാന്‍ ചെര്‍ക്കി നടത്തിയത്. റഫറിയുടെ തീരുമാനങ്ങള്‍ കൊണ്ടല്ല ഫ്രാന്‍സ് തോറ്റതെന്നായിരുന്നു ചെര്‍ക്കിയുടെ നിലപാട്. കടുത്ത നിരാശയുണ്ടാക്കുന്ന ഫലമാണിത്, എന്നാല്‍ ഇന്ന് ഫ്രാന്‍സ് തോറ്റത് സ്വന്തം പിഴവുകള്‍ കൊണ്ടാണ്. അതിന് റഫറിയെ കുറ്റം പറയാന്‍ കഴിയില്ല, സ്‌പെയിന്‍ അത്ര മികച്ചതായതു കൊണ്ടുമല്ല ഫ്രാന്‍സ് പരാജയപ്പെട്ടത്. ലോകകപ്പിലെ എല്ലാ ടീമുകള്‍ക്കും ഫ്രാന്‍സിനെ ഭയമായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ടൂര്‍ണമെന്റില്‍ നിന്ന് ഫ്രാന്‍സിനെ പുറത്താക്കാന്‍ കെല്‍പ്പുള്ള ഒരേയൊരു ടീം ഫ്രാന്‍സ് മാത്രമായിരുന്നുവെന്നും, സ്വന്തം പ്രകടനത്തിലെ പോരായ്മകളാണ് പുറത്തുപോവലിന് കാരണമായതെന്നും ചെര്‍ക്കി വ്യക്തമാക്കുന്നു. സാങ്കേതികമായും തന്ത്രപരമായും കളിക്കളത്തിലെ നീക്കങ്ങളില്‍ ടീം പൂര്‍ണ്ണമായും പിന്നിലായിപ്പോയെന്ന് എംബാപ്പെയുടെ വാക്കുകളെ ശരിവെച്ചുകൊണ്ട് ചെര്‍ക്കി കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിനെ തകര്‍ത്ത് ഫൈനലിലേക്ക് യോഗ്യത നേടിയ സ്‌പെയിന്‍ ഇനി കിരീടത്തിനായി അര്‍ജന്റീനയോ ഇംഗ്ലണ്ടോ ആയിരിക്കും എതിരാളികള്‍. കിരീടപ്രതീക്ഷയോടെ വന്ന് സെമിയില്‍ കാലിടറി വീണ ഫ്രാന്‍സിന് ഇനി മൂന്നാം സ്ഥാനത്തിനായുള്ള ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തില്‍ കളിക്കേണ്ടി വരും. ഉള്ളിലെ ഭിന്നതകള്‍ മറന്ന്, വരാനിരിക്കുന്ന പോരാട്ടത്തില്‍ മൂന്നാം സ്ഥാനമെങ്കിലും സ്വന്തമാക്കി ആശ്വാസത്തോടെ മടങ്ങാനാകും ഇനി ഫ്രഞ്ച് പടയുടെ ശ്രമം.

സെമി ഫൈനലില്‍ സ്‌പെയിനോട് തോറ്റ് ഫ്രാന്‍സിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ തകര്‍ന്നടിഞ്ഞെങ്കിലും, അവരുടെ ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെയുടെ പോരാട്ടം അവസാനിച്ചിട്ടില്ല. ഫ്രാന്‍സിന്റെ കിരീട മോഹങ്ങള്‍ അവസാനിച്ചെങ്കിലും, ടൂര്‍ണമെന്റിലെ ടോപ്പ് സ്‌കോറര്‍ക്കുള്ള ‘ഗോള്‍ഡന്‍ ബൂട്ട്’ പുരസ്‌കാരത്തിനായുള്ള എംബാപ്പെയുടെ പോരാട്ടം ഇനിയും സജീവമാണ്. നിലവില്‍ 8 ഗോളുകളുമായി എംബാപ്പെ തന്നെയാണ് ഗോള്‍ഡന്‍ ബൂട്ട് റേസില്‍ മുന്നില്‍. അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്കും 8 ഗോളുകളുണ്ട്. അസിസ്റ്റുകളുടെ എണ്ണത്തില്‍ മുന്നിലുള്ളതിനാലാണ് (എംബാപ്പെ 3, മെസി 2) എംബാപ്പെ ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ന്‍, ജൂഡ് ബെല്ലിങ്ഹാം എന്നിവര്‍ 6 ഗോളുകളുമായി ഇരുവര്‍ക്കും തൊട്ടുപിന്നിലുണ്ട്. അര്‍ജന്റീന-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരഫലം ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും നിര്‍ണായകമാകും. ഫ്രാന്‍സിന് ഇനി ശനിയാഴ്ച മിയാമിയില്‍ നടക്കുന്ന ലൂസേഴ്‌സ് ഫൈനല്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍ ഇന്ന് സെമിയില്‍ ജയിക്കുന്ന ടീമിലെ താരങ്ങള്‍ക്ക് ഫൈനല്‍ ഉള്‍പ്പെടെ രണ്ട് മത്സരങ്ങള്‍ കൂടി ലഭിക്കുമെന്നത് എംബാപ്പെക്ക് വലിയ വെല്ലുവിളിയാണ്.

ഗോള്‍ഡന്‍ ബൂട്ട് വിജയിയെ നിശ്ചയിക്കുന്നതില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പ്ലേ ഓഫ് മത്സരം നിര്‍ണ്ണായകമാകുന്നത് ഫുട്‌ബോള്‍ ചരിത്രത്തില്‍ അപൂര്‍വ്വമാണ്. ഇതിന് മുന്‍പ് 1958 ലോകകപ്പിലാണ് സമാനമായ ഒരു സംഭവം ഉണ്ടായത്. അന്ന് ഫ്രഞ്ച് ഇതിഹാസം ജസ്റ്റ് ഫോണ്ടെയ്ന്‍ വെസ്റ്റ് ജര്‍മ്മനിക്കെതിരായ ലൂസേഴ്‌സ് ഫൈനലില്‍ 4 ഗോളുകള്‍ അടിച്ചുകൂട്ടി, ഒരൊറ്റ ലോകകപ്പില്‍ 13 ഗോളുകള്‍ എന്ന ഇന്നേവരെ തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡോടെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയിരുന്നു. 2022-ല്‍ 8 ഗോളുകളോടെ ഗോള്‍ഡന്‍ ബൂട്ട് നേടിയ എംബാപ്പെ, ഇത്തവണയും അത് നിലനിര്‍ത്തി തുടര്‍ച്ചയായ രണ്ടാം തവണയും പുരസ്‌കാരം സ്വന്തമാക്കാനാണ് ലക്ഷ്യമിടുന്നത്.

ഹാരി കെയ്ന്‍ 2018-ല്‍ ഇത് നേടിയിട്ടുണ്ടെങ്കിലും സാക്ഷാല്‍ ലയണല്‍ മെസിക്ക് ഇതുവരെ കരിയറില്‍ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ല. സ്‌പെയിനെതിരായ മത്സരത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും മറ്റൊരു ചരിത്ര റെക്കോര്‍ഡിന് തൊട്ടരികിലാണ് 27-കാരനായ ഫ്രഞ്ച് നായകന്‍. വെറും 21 ലോകകപ്പ് മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് എംബാപ്പെയുടെ പേരിലുള്ളത്. 21 ഗോളുകളുള്ള ലയണല്‍ മെസ്സിയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരുടെ റെക്കോര്‍ഡിന് തൊട്ടുപിന്നിലാണ് എംബാപ്പെ ഇപ്പോള്‍. ഇംഗ്ലണ്ടിനെതിരെ മെസി സ്‌കോര്‍ ചെയ്യാതിരിക്കുകയും ലൂസേഴ്‌സ് ഫൈനലില്‍ എംബാപ്പെ ഗോള്‍ നേടുകയും ചെയ്താല്‍ ഈ ലോകകപ്പില്‍ ലോകകപ്പിലെ എക്കാലത്തെയും ഗോള്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെക്ക് സ്വന്തമാവും. ഇത്തവണ മെസിയെ മറികടന്നില്ലെങ്കിലും പ്രായം അനുകൂലമായതിനാല്‍, വരാനിരിക്കുന്ന ലോകകപ്പുകളില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഗോള്‍ വേട്ടക്കാരനെന്ന റെക്കോര്‍ഡ് എംബാപ്പെ തിരുത്തിയെഴുതുമെന്ന് ഉറപ്പാണ്.

English Summary

Following France’s 2-0 defeat against Spain in the World Cup semi-finals in Dallas, internal conflict has erupted within the French squad. Captain Kylian Mbappé openly criticized the team’s poor performance, stating they did not deserve to reach the final due to tactical and technical shortcomings. While coach Didier Deschamps blamed the refereeing of Salvadoran official Ivan Barton, particularly a controversial penalty decision, midfielder Rayan Cherki rejected this excuse, attributing the defeat solely to France’s own errors. Meanwhile, Mbappé’s pursuit of the Golden Boot remains active as he leads with 8 goals and 3 assists, closely tied with Lionel Messi. France will now face the loser’s final on Saturday in Miami.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News