പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം: ബേബി മെമ്മോറിയൽ ആശുപത്രിക്ക് ഗുരുതര വീഴ്ചയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; മരണകാരണം തലച്ചോറിലേക്കുള്ള ഓക്സിജൻ നിലച്ചത്

കണ്ണൂര്‍: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തെ കുറിച്ചുള്ള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കും സംഭവിച്ചത് ഗുരുതര പിഴവാണെന്ന് ഇതോടെ തെളിഞ്ഞു. മരണ കാരണം അനസ്‌തേഷ്യക്ക് പിന്നാലെ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ചതെന്ന് റിപ്പോര്‍ട്ട്. അനസ്‌തേഷ്യ നല്‍കേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനറല്‍ അനസ്തീഷ്യ നല്‍കിയുള്ള ശസ്ത്രക്രിയയുടെ ആവശ്യം ഇല്ലായിരുന്നുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലും താടിയിലുമുള്ള മുറിവുകള്‍ ആഴത്തിലുള്ളതല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ചുണ്ടിലും താടിയിലും പരിക്കേറ്റ ഒന്നര വയസുകാരന്‍ ദേവാന്‍ഷ് ശൗര്യക്ക് അനസ്തീഷ്യ നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായത്.

അനസ്‌തേഷ്യ നല്‍കി 10 മിനിട്ടിനകം, തലച്ചോറിലേക്കുള്ള രക്തയോട്ടം കുറഞ്ഞു. ഇതോടെയാണ് കുട്ടി ബോധരഹിതനായതും അഞ്ച് ദിവസത്തിന് ശേഷം മരിച്ചതും. അനസ്തീഷ്യ നല്‍കിയ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. പീടിയാട്രിഷ്യന്‍ ഡോ. ആശ നിര്‍മ്മല്‍, പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. ആരതി എന്നിരും അന്വേഷണ പരിധിയിലുണ്ട്. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.

മൂന്ന് പേരും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രി മാനേജ്‌മെന്റിനെ പൊലീസ് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ കണ്ണൂര്‍ ഡിഎംഒക്ക് അന്വേഷണ ഉദ്യോഗസ്ഥനായ പയ്യന്നൂര്‍ ഡിവൈഎസ്പി കത്ത് നല്‍കിയിരുന്നു. പൊലീസ് ശേഖരിച്ച ചികിത്സാ രേഖകള്‍ മെഡിക്കല്‍ ബോര്‍ഡിന് കൈമാറും. ഇവരുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും പൊലീസ് തുടര്‍ നടപടികളേക്ക് കടക്കുക.

അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരണപ്പെട്ട പയ്യന്നൂര്‍ എരമത്തെ ഒന്നര വയസ്സുകാരന്‍ ദേവാന്‍ഷ് ശൗര്യയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്സണും അംഗങ്ങളും തിങ്കളാഴ്ച്ച സന്ദര്‍ശനം നടത്തിയിരുന്നു. കുട്ടിയുടെ പിതാവ് സൂരജ്, മാതാവ് വിജിഷ, കുടുംബാംഗങ്ങള്‍ എന്നിവരോട് കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ കെ.വി മനോജ് കുമാറും അംഗങ്ങളും സംസാരിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനുമായുള്ള യോഗം മൂന്നു ദിവസത്തിനുള്ളില്‍ ഓണ്‍ലൈനായി നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്യുമെന്നും ചെയര്‍പേഴ്‌സണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും ആശുപത്രിയുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയും അലംഭാവവും ഉണ്ടായിട്ടുണ്ടെന്നുമാണ് കുട്ടിയുടെ രക്ഷിതാവിനോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായതെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. കമ്മീഷന് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളൊക്കെ ഇക്കാര്യത്തില്‍ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

കമ്മീഷന്‍ അംഗങ്ങളായ ബി മോഹന്‍ കുമാര്‍, ഡോ എഫ് വില്‍സണ്‍, സിസിലി ജോസഫ് കെ കെ ഷാജു, എന്നിവരും ചെയര്‍പേഴ്‌സനൊപ്പം ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്‌ളാസ്റ്റിക് സര്‍ജറിയുടെയും ശിശുരോഗ വിദഗ്ദ്ധ യുടെയും പേരില്‍ പൊലിസ് കേസെടുത്തേക്കും.

English Summary

A post-mortem report has revealed severe medical negligence by Baby Memorial Hospital, Kozhikode, in the tragic death of a one-and-a-half-year-old toddler, Siddharth, from Payyannur. According to the report, the cause of death was a lack of oxygen supply to the brain (hypoxia) immediately following the administration of anesthesia. The report also emphasized that there was absolutely no medical necessity to administer general anesthesia for a minor lip wound that required simple stitching. Following these findings, the family has demanded immediate action against the medical team, and police are initiating a probe into medical negligence and culpable homicide not amounting to murder.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News