ദോഹ: ഗ്രൂപ്പ് ഡിയില്‍ തകര്‍പ്പന്‍ ജയത്തോടെ വരവറിയിച്ച് നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്. ഓസ്‌ട്രേലിയയെ 4-1നാണ് ഫ്രഞ്ച് പട തകര്‍ത്തത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ഫ്രാന്‍സിന്റെ തിരിച്ചുവരവ്. ഒലിവര്‍ ജിറൗഡ് ഇരട്ട ഗോളുമായി തിളങ്ങിയപ്പോള്‍ അഡ്രിയാന്‍ റാബിയോട്ട്, കെയ്‌ലിയന്‍ എംബാപ്പെ എന്നിവരും ഫ്രാന്‍സിനായി വലകുലുക്കി. ക്രെയ്ഗ് ഗോഡ്‌വിനാണ് ഓസ്‌ട്രേലിയയുടെ ആശ്വാസ ഗോള്‍ നേടിയത്.
-1-2-3 ഫോര്‍മേഷനില്‍ ഫ്രാന്‍സ് കളത്തിലിറങ്ങിയപ്പോള്‍ അതേ ഫോര്‍മേഷനില്‍ത്തന്നെയാണ് ഓസ്‌ട്രേലിയയും തന്ത്രം മെനഞ്ഞത്. ആദ്യ മിനുട്ടില്‍ത്തന്നെ ഫ്രാന്‍സിന്റെ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഓസ്‌ട്രേലിയ കളം കീഴടക്കി. ചാമ്പ്യന്‍നിരക്ക് മുകളില്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടിയ ഓസ്‌ട്രേലിയ അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. മത്സരത്തിന്റെ ഒമ്പതാം മിനുട്ടില്‍ത്തന്നെ ഫ്രാന്‍സിനെ ഞെട്ടിച്ച് ഓസ്‌ട്രേലിയ അക്കൗണ്ട് തുറന്നു. മാത്യു ലിക്കിയുടെ തകര്‍പ്പന്‍ ക്രോസ് പിടിച്ചെടുത്ത ക്രെയ്ഗ് ഗോഡ്‌വിന്‍ ശരവേഗത്തില്‍ പന്ത് പോസ്റ്റിലെത്തിച്ചു. ഫ്രാന്‍സ് പ്രതിരോധത്തിന്റെ വീഴ്ചയില്‍ നിന്നാണ് ഈ ഗോളെന്ന് പറയാം.
ലിക്കിയെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഫ്രാന്‍സിന്റെ ലൂക്കാസ് ഹെര്‍ണാണ്ടസിന് പരിക്കേറ്റത് ടീമിന് തിരിച്ചടിയായി. 12ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ പെനാല്‍റ്റി ബോക്‌സിലേക്ക് ക്രോസ് നല്‍കിയെങ്കിലും ഓസ്‌ട്രേലിയന്‍ പ്രതിരോധം ഭംഗിയായി അത് ക്ലിയര്‍ ചെയ്തു. 13ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ എടുത്ത എംബാപ്പെ ബോക്‌സിലേക്ക് ഷോട്ട് തൊടുത്തെങ്കിലും ഓസ്‌ട്രേലിയന്‍ പ്രതിരോധത്തില്‍ തട്ടിനിന്നു.
പോള്‍ പോഗ്ബയും എന്‍ഗോളോ കാന്റയും കരിം ബെന്‍സേമയും ഫ്രാന്‍സ് നിരയിലില്ലാത്തതിന്റെ പ്രശ്‌നങ്ങള്‍ തുടക്കത്തിലേതന്നെ ഫ്രാന്‍സ് നിരയില്‍ കണ്ടു. ഫ്രാന്‍സ് സൃഷ്ടിക്കുന്ന അവസരങ്ങളൊന്നും ഓസ്‌ട്രേലിയന്‍ പ്രതിരോധത്തെ ഭേദിച്ചില്ല. 24ാം മിനുട്ടില്‍ എംബാപ്പെയുടെ ഒറ്റക്കുള്ള മുന്നേറ്റവും പ്രതിരോധ കോട്ടയില്‍ തട്ടി നിന്നു.
പാസുകളിലൂടെ മുന്നേറിയ ഫ്രാന്‍സ് 27ാം മിനുട്ടില്‍ സമനില പിടിച്ചു. അന്റോണിയോ ഗ്രിസ്മാന്റെ കോര്‍ണര്‍ കിക്ക് ഓസ്‌ട്രേലിയന്‍ പ്രതിരോധം തട്ടിയകറ്റിയെങ്കിലും പന്ത് പിടിച്ചെടുത്ത തിയോ ഹെര്‍ണാണ്ടസിന്റെ പാസ് മിന്നല്‍ ഹെഡ്ഡറിലൂടെ അഡ്രിയാന്‍ റാബിയോട്ട് വലയിലാക്കി. 30ാം മിനുട്ടില്‍ ഗോള്‍ നേടാന്‍ ഒലിവര്‍ ജിറൗഡിന് അവസരം ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഹെഡര്‍ ബാറിന് മുകളിലൂടെ പോയി.
32ാം മിനുട്ടില്‍ ജിറൗഡിലൂടെ ഫ്രാന്‍സ് ലീടെടുത്തു. ഓസ്‌ട്രേലിയന്‍ പ്രതിരോധത്തിന്റെ പിഴവിലൂടെ ലഭിച്ച പന്തിനെ റാബിയോട്ട് കൃത്യമായി ബോക്‌സിനുള്ളില്‍ നിന്ന ജിറൗഡിന്റെ കാലിലേക്കെത്തിച്ചപ്പോള്‍ അനായാസമായി താരം പന്ത് പോസ്റ്റിലാക്കി. 37ാം മിനുട്ടില്‍ ലഭിച്ച അവസരം ജിറൗഡ് പാഴാക്കി. ഉസ്മാന്‍ ഡെംബല്ലെയുടെ പാസില്‍ റൗബൗണ്ട് ചെയ്‌തെത്തിയ പന്ത് മാര്‍ക്ക് ചെയ്യാതെ നിന്ന ജിറൗഡിന്റെ കാലിലേക്കെത്തിയെങ്കിലും താരത്തിന്റെ ഷോട്ട് ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു.
കുറുകിയ പാസുകളിലൂടെ ഓസ്‌ട്രേലിയന്‍ ഗോള്‍മുഖത്തേക്ക് നിരന്തരം പന്തെത്തിച്ച ഫ്രാന്‍സിന് പല അവസരങ്ങളും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. 42ാം മിനുട്ടില്‍ ഉസ്മാന്‍ ഡെംബല്ലെയും 43ാം മിനുട്ടില്‍ ഗ്രിസ്മാനും അവസരം പാഴാക്കി. 45ാം മിനുട്ടില്‍ എംബാപ്പെയും ഗോളവസരം പാഴാക്കി. ആദ്യ പകുതി പിരിയുമ്പോള്‍ 2-1ന്റെ ലീഡ് ഫ്രാന്‍സിനൊപ്പം. 60 ശതമാനം പന്തടക്കവും നാലിനെതിരേ 10 ഗോള്‍ശ്രമവും നടത്തി കണക്കിലും ഫ്രാന്‍സിന്റെ ആധിപത്യം.
രണ്ടാം പകുതിയിലും ഫ്രാന്‍സിന്റെ കുതിപ്പാണ് കണ്ടത്. 58ാം മിനുട്ടില്‍ ബോക്‌സിലേക്ക് നല്‍കിയ ഡെംബല്ലെയുടെ ക്രോസ് പ്രതിരോധനിര തട്ടിയകറ്റി. 68ാം മിനുട്ടില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് ലീഡുയര്‍ത്തി. ഡെംബല്ലെയുടെ ബോക്‌സിനുള്ളിലേക്കുള്ള തകര്‍പ്പന്‍ ക്രോസിനെ എംബാപ്പെ ഹെഡ് ചെയ്തപ്പോള്‍ ഇടത് പോസ്റ്റില്‍ തട്ടി പന്ത് വലയിലായി.
72ാം മിനുട്ടില്‍ ജിറൗഡിന്റെ ഗോളിലൂടെ ഫ്രാന്‍സ് അക്കൗണ്ടില്‍ നാലാം ഗോള്‍ ചേര്‍ത്തു. മികച്ച മുന്നേറ്റത്തിന് ശേഷം എംബാപ്പെ ബോക്‌സിനുള്ളിലേക്ക് നീട്ടി നല്‍കിയ ക്രോസിനെ ഹെഡ്ഡറിലൂടെ ജിറൗഡ് പോസ്റ്റിലെത്തിക്കുകയായിരുന്നു. പിന്നീടങ്ങോട്ട് ഗോള്‍പിറക്കാതെ വന്നതോടെ 4-1ന്റെ ജയത്തോടെ ഫ്രാന്‍സ് തുടക്കം ഗംഭീരമാക്കി.