28.9 C
Kottayam
Thursday, May 2, 2024

യൂറോക്കപ്പ്: ഫ്രാൻസിനെ തളച്ച് ഹംഗറി

Must read

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ മരണ ഗ്രൂപ്പായ എഫിൽ നടന്ന പോരാട്ടത്തിൽ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ സമനിലയിൽ കുടുക്കി (1-1) ഹംഗറി. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഫ്രഞ്ച് ആക്രമണങ്ങളെ ഫലപ്രദമായി നേരിട്ട ഹംഗറി കിട്ടിയ അവസരം മുതലെടുത്ത് ഗോളുമടിച്ചു.

കളിയുടെ ഒഴുക്കിന് എതിരായി ആദ്യ പകുതിയുടെ അധിക സമയത്ത് അറ്റില ഫിയോളയാണ് ഹംഗറിയെ മുന്നിലെത്തിച്ചത്. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഫ്രഞ്ച് ഡിഫൻഡർ ബെഞ്ചമിൻ പവാർഡ് വരുത്തിയ പിഴവ് മുതലെടുത്ത് റോളണ്ട് സല്ലായ് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. ഒറ്റയ്ക്ക് മുന്നേറിയ ഫിയോള ലോറിസിന് യാതൊരു അവസരവും കൊടുക്കാതെ പന്ത് വലയിലെത്തിച്ചു.

മത്സരത്തിലുടനീളം മികച്ച അവസരങ്ങൾ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ് മോശമായതാണ് ഫ്രാൻസിന് വിനയായത്. ഹംഗറിയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ മിനിറ്റുകളിൽ അവർ നിരന്തരം ഫ്രാൻസ് ഗോൾമുഖം ആക്രമിച്ചു.

എന്നാൽ താളം വീണ്ടെടുത്ത ഫ്രാൻസ് മികച്ച മുന്നേറ്റങ്ങൾ നടത്തി. 14-ാം മിനിറ്റിൽ എംബാപ്പെയുടെ ഷോട്ട് ഹംഗേറിയൻ ഗോളി പീറ്റർ ഗുലാച്ചി രക്ഷപ്പെടുത്തി. ഫ്രാൻസിനായി ഇടതു വിങ്ങിലൂടെ ലുക്കാസ് ഡിൻ ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തി.

17-ാം മിനിറ്റിൽ ഡിനിന്റെ ക്രോസിൽ നിന്ന് ഗോൾ നേടാനുള്ള അവസരം എംബാപ്പെ നഷ്ടപ്പെടുത്തി. താരത്തിന്റെ ഹെഡർ പോസ്റ്റിന് പുറത്തേക്ക് പോകുകയായിരുന്നു.26-ാം മിനിറ്റിൽ പരിക്ക് കാരണം ഹംഗറിക്ക് ആദം സലായുടെ സേവനം നഷ്ടമായി. പകരം നെമാൻജ നിക്കോളിച്ച് കളത്തിലിറങ്ങി. 31-ാം മിനിറ്റിൽ ബെൻസേമയും 33-ാം മിനിറ്റിൽ എംബാപ്പെയും ഉറച്ച ഗോളവസരങ്ങൾ നഷ്ടപ്പെടുത്തി. തുടർന്നായിരുന്നു ഫിയോളയുടെ ഗോളിൽ ഹംഗറി ഫ്രഞ്ച് ടീമിനെ ഞെട്ടിച്ചത്.

എന്നാൽ രണ്ടാം പകുതിയിൽ ഉസ്മാൻ ഡെംബെലെ ഇറങ്ങിയതോടെ ഫ്രാൻസ് സമനില ഗോളും കണ്ടെത്തി. ഡെംബെലെ ഇറങ്ങിയ ശേഷം 4-2-4 ഫോർമേഷനിലേക്ക് മാറി ആക്രമണം കടുപ്പിച്ച ഫ്രാൻസ് 66-ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തി.ഫ്രഞ്ച് ബോക്സിൽ നിന്ന് ഹ്യൂഗോ ലോറിസ് നീട്ടിനൽകിയ പന്ത് സ്വീകരിച്ച് എംബാപ്പെ നടത്തിയ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. എംബാപ്പെ നൽകിയ പാസ് ഗ്രീസ്മാൻ അനായാസം വലയിലെത്തിച്ചു. യൂറോ കപ്പിൽ ഗ്രീസ്മാന്റെ ഏഴാം ഗോളായിരുന്നു ഇത്.

തുടർന്നും ഫ്രാൻസ് ആക്രമണങ്ങൾ തുടർന്നെങ്കിലും ഹംഗറി പ്രതിരോധം ഉറച്ചുനിന്നു. 82-ാം മിനിറ്റിൽ എംബാപ്പെയുടെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പീറ്റർ ഗുലാച്ചി വീണ്ടും ഹംഗറിയുടെ രക്ഷകനായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week