കൊച്ചി:വിവാദ പ്രസ്താവനകള്‍ നടത്തിയ വൈദികന്‍ ഫാ.ഡൊമിനിക് വളമനാലിന് കാനഡയിലും വിലക്ക്. കാനഡയിലെ കാല്‍ഗറിയില്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന ധ്യാന പരിപാടി റദ്ദു ചെയ്തുചെയ്തതായി അധികൃതര്‍ അറിയിച്ചു.’രോഗസൗഖ്യധാനം’ എന്ന പേരില്‍ ജൂലൈ 23,24 തീയതികളിലായിരുന്നു ധ്യാനപരിപാടി സംഘടിപ്പിച്ചിരുന്നത്.
സ്വയം ഭോഗം ചെയ്യുന്നവര്‍ക്കും സ്വവര്‍ഗ്ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഓട്ടിസമുള്ള കുട്ടികള്‍ ഉണ്ടാകുമെന്ന വൈദികന്റെ പരാമര്‍ശമാണ് വിവാദമായത്.ഒരു ധ്യാനപ്രസംഗത്തിനിടെയായിരുന്നു വിവാദ പരാമര്‍ശം.മദ്യം, സിഗരറ്റ്, ബീഡി, മയക്കുമരുന്ന്, പാന്‍ പരാഗ്, വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി, ബ്ലൂഫിലിം തുടങ്ങിയവ പതിവാക്കിയ യുവാക്കള്‍ക്ക് ഓട്ടിസമുള്ള കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന തരത്തിലായിരുന്നു വൈദികന്റെ പ്രസംഗം. സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗ വീഡിയോ വൈറലായതോടെ വൈദികനെതിരെ പ്രതിഷേധവും ഉയര്‍ന്നു. വിവാദ പ്രസംഗത്തിന്റെ പേരില്‍ നേരത്തെ അയര്‍ലന്‍ഡ് സഭയും ഫാ.ഡൊമിനികിന്റെ പരിപാടി റദ്ദാക്കിയിരുന്നു.
ഓട്ടിസം മൂലം കഷ്ടപ്പെടുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് വൈദികന്റെ പരിപാടി റദ്ദാക്കിയതായി കാല്‍ഗറി രൂപത അറിയിച്ചത്. ഫാ.ഡൊമിനികിന്റെ പ്രസംഗം സഭയുടെ പഠനങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമൊപ്പമാണ് സഭയെന്നും ഇവര്‍ വിശദീകരണ കുറിപ്പില്‍ പറയുന്നു.