തിരുവനന്തപുരം: അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന നാലുവയസ്സുകാരന് മാതാപിതാക്കളുടെ കൺമുന്നിൽ ബസ് കയറി ദാരുണാന്ത്യം. കരകുളം കാച്ചാണി അയണിക്കാട് വാരിക്കോണത്ത് ‘ശ്രീഹരി’യിൽ ബിജുകുമാറിന്റെയും സജിതയുടെയും ഏകമകൻ ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരയോടെ പാളയത്ത് നടന്ന അപകടത്തിൽ മരിച്ചത്. പത്തുവർഷത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുഞ്ഞാണ് അഞ്ചാം വയസ്സിൽ നഷ്ടമായത്. ഇക്കഴിഞ്ഞ സെപ്തംബറിലാണ് ശ്രീഹരിക്ക് നാല് വയസ്സ് തികഞ്ഞത്.
പാളയം-ബേക്കറി റോഡിലായിരുന്നു അപകടം. തമ്പാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ് ഇവർ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന് മുന്നിലിരുന്ന ശ്രീഹരി തെറിച്ച് ബസിന് അടിയിൽപ്പെട്ടു. ബസിന്റെ ടയറുകൾ തലയിലൂടെ കയറിയിറങ്ങി കുഞ്ഞ് തൽക്ഷണം മരിച്ചു. പാളയത്തെ ഓഡിറ്റോറിയത്തിൽ ബന്ധുവിന്റെ കല്യാണത്തിന് പോകും വഴിയായിരുന്നു അപകടം.കുഞ്ഞ് അപകടത്തിൽപ്പെട്ടതുകണ്ട് അമ്മ സജിത കുഴഞ്ഞുവീണു.
കുഞ്ഞിനെയും ഇവരെയും കണ്ടുനിന്നവർ ഉടൻതന്നെ എസ്.എ.ടി.ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ച വിവരം രാത്രി വൈകിയാണ് അമ്മയെ അറിയിച്ചത്. പെയിന്റിങ് പണിക്കാരനാണ് ബിജു.
കാത്തിരുന്നു കിട്ടിയ കൺമണിയെ മാതാപിതാക്കളുടെ മുന്നിൽവെച്ചാണ് മരണം കവർന്നെടുത്തത്. കരകുളം പഞ്ചായത്തിലെ എട്ടാം വാർഡായ അയണിക്കാടിലെ വാരിക്കോണത്ത് താമസിക്കുന്ന ബിജു-സജിത ദമ്പതിമാരുടെ മകൻ നാലുവയസ്സുകാരനായ ശ്രീഹരിയാണ് ശനിയാഴ്ച വൈകീട്ട് ആറരമണിയോടെ പാളയം നന്ദാവനത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
കാട്ടാക്കട സ്വദേശിയായ ബിജുവും കരകുളം സ്വദേശിയായ സജിതയും വിവാഹിതരായി നീണ്ട പത്തുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുട്ടി ജനിച്ചത്. ഇതിനിടെ സജിതയ്ക്ക് കുടുംബ ഓഹരിയായി കരകുളത്ത് കിട്ടിയ മൂന്നര സെന്റ് സ്ഥലത്ത് സർക്കാർ സഹായത്തോടെ വീട് പണിതു. കൂലിപ്പണിക്കാരനായ ബിജു ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് വീടുപണി പൂർത്തീകരിച്ചത്.
ഇക്കഴിഞ്ഞ സെപ്റ്റംബർ മാസമാണ് ശ്രീഹരിയുടെ നാലാം പിറന്നാൾ ആഘോഷിച്ചത്. ബിജുവിന്റെ കൂട്ടുകാരും ഇതിൽ പങ്കെടുത്തു. ബിജുവിനെയും കുടുംബത്തെയും കുറിച്ച് നാട്ടുകാരും സുഹൃത്തുക്കളും പറഞ്ഞുനിർത്തുന്നത്, ശ്രീഹരിയെന്ന കുട്ടിയിലാണ്. ഒരു വിവാഹ സത്കാരത്തിൽ പങ്കെടുക്കാനായാണ് ശനിയാഴ്ച വൈകീട്ട് ആറുമണിയോടെ ബിജുവും സജിതയും ശ്രീഹരിയും ബൈക്കിൽ യാത്ര തിരിച്ചതെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
വീട്ടിൽ നിന്നിറങ്ങി അയൽവക്കത്തെ വീട്ടിലാണ് ഇവർ ആദ്യം എത്തിയത്. സജിതയ്ക്ക് ധരിക്കാൻ ഇവിടെനിന്ന് ഹെൽമെറ്റ് വാങ്ങാനായിരുന്നു വന്നത്. ഇതിനിടയിൽ ശ്രീഹരി ആ വീട്ടുകാരുമായി ഇടപഴകി നിൽക്കുകയായിരുന്നു.
ഹെൽമെറ്റ് വാങ്ങിയശേഷം ബിജുവും സജിതയും ശ്രീഹരിയെ വിളിച്ചെങ്കിലും വരുന്നില്ലെന്ന ഭാവത്തിൽ ആ കുരുന്ന് പിണക്കംനടിച്ചു. എന്നാൽ കുറുമ്പുകാരനായ ശ്രീഹരി പിന്നീട് മാതാപിതാക്കളോടൊപ്പം പോകാൻ തയ്യാറായി. ഈ യാത്രയിലാണ് ബിജുവിനെയും സജിതയെയും തീരാദുഃഖത്തിലാഴ്ത്തി ഏകമകനായ ശ്രീഹരിയെ മരണം തട്ടിയെടുത്തത്.