തമിഴ്‌നാട്ടിൽ സൗജന്യസാരി വിതരണത്തിനിടെ തിക്കുംതിരക്കും; 4 സ്ത്രീകൾ മരിച്ചു, 10 പേർക്ക് പരിക്ക്

തിരുപ്പത്തൂര്‍ : തമിഴ്‌നാട്ടില്‍ സൗജന്യസാരി വിതരണത്തിനിടയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു സ്ത്രീകള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പത്തൂര്‍ ജില്ലയിലെ വാണിയമ്പാടിക്കു സമീപമായിരുന്നു സംഭവം.

തൈപ്പൂയം ഉത്സവാഘോഷങ്ങളുടെ ഭാഗമായി അയ്യപ്പനെന്ന വ്യക്തിയാണ് സൗജന്യമായ സാരിയും വസ്ത്രങ്ങളും വിതരണം ചെയ്തത്. ഇതിനായി ടോക്കണ്‍ കൊടുക്കുന്നതിനിടെയാണ് അപകടം നടന്നത്. നൂറിലധികം സ്ത്രീകളാണ് വസ്ത്രങ്ങള്‍ വാങ്ങാനായെത്തിയതെന്ന് പോലീസ് അറിയിച്ചു.

തമിഴ് മാസമായ തൈമാസത്തിലെ പൗര്‍ണമിയിലാണ് തമിഴ് ഹിന്ദുക്കള്‍ തൈപ്പൂയം ആഘോഷിക്കുന്നത്. ഇതിന്റെ ആഘോഷങ്ങളുടെ ഭാഗമായി വസ്ത്ര വിതരണം നടക്കാറുണ്ട്.

ടോക്കണ്‍ കൊടുക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധിപ്പേര്‍ ബോധംകെട്ടുവീണു. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News