ന്യൂഡൽഹി: സായുധസേനകളില്‍ യുവാക്കള്‍ക്ക് നാലുവര്‍ഷത്തേക്ക് ഹ്രസ്വകാലനിയമനം നൽകുന്ന കേന്ദ്രസർക്കാരിന്റെ നിര്‍ദിഷ്ട അഗ്‌നിപഥ് പദ്ധതിക്കെതിരെ ഇന്നും രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ബീഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ജമ്മു, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത്.
ബീഹാറിൽ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. ഇന്ന് നാല് ട്രെയിനുകൾക്ക് തീയിട്ട പ്രതിഷേധക്കാർ സ്റ്റേഷനുകൾ തല്ലി തകർക്കുകയും ജീവനക്കാർക്കുനേരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. കണ്ണിൽ കണ്ടതെല്ലാം തച്ചുതകർക്കുന്ന പ്രതിഷേധക്കാർ നിരവധി വാഹനങ്ങളും അഗ്നിക്കിരയാക്കി. ബീഹാറിലെ സമസ്തിപുരിലും മൊഹിയുദ്ദീന്‍നഗറിലുമാണ് ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോർട്ട്. പ്രതിഷേധം കനത്തതോടെ സംസ്ഥാനത്ത് 38 ട്രെയിനുകള്‍ പൂര്‍ണമായും 11 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ആര റെയിൽവേ സ്റ്റേഷനിൽ അഴിഞ്ഞാടിയ അക്രമികൾ സ്റ്റേഷൻ അടിച്ച് തകർത്തു. സരണിൽ ബിജെപി എംഎൽഎയുടെ വീടിന് നേരെ ആക്രമണം ഉണ്ടായി. ബക‍്‍സർ, ലഖിസരായി,ലാക‍്‍മിനിയ എന്നിവിടങ്ങളിൽ റെയിൽവേ ട്രാക്കിനും തീയിട്ടു. പ്രതിഷേധക്കാരെ അമർച്ച ചെയ്യാൻ പൊലീസ് രംഗത്തുണ്ടെങ്കിലും അവർക്ക് നിയന്ത്രിക്കാനാവാത്ത അവസ്ഥയാണ്.
ഉത്തർപ്രദേശിലും ട്രെയിനുകൾക്ക് നേരേ വ്യാപക ആക്രമണമുണ്ടായി. ബല്ലിയ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ അടിച്ചു തകർത്തു. സ്റ്റേഷനും തല്ലിത്തകർത്തു . ഹരിയാനയിലെ മഹേന്ദ്രഗഡിലും ബല്ലഭ്‍ഗഡിലും പ്രതിഷേധം ഉണ്ടായി. പൽവലിൽ മൊബൈൽ ഇന്റർനെറ്റ് അധികൃതർ വിച്ഛേദിച്ചു. ഉത്തർപ്രദേശിലും ഹരിയാനയിലും ഇപ്പോൾ സ്ഥിതിഗതികൾ നിയന്ത്രണവിധേമാണെന്നാണ് പൊലീസ് പറയുന്നത്.
രാജസ്ഥാനിലെ അജ്‌മേര്‍-ഡല്‍ഹി ദേശീയപാത ഉദ്യോഗാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു. ജോധ്പൂരിൽ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടുകയും ചെയ്തു.
പ്രതിഷേധം കൈവിട്ടുപോകുമെന്ന അവസ്ഥയിലെത്തിയതോടെ ഇടപെടലുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയിട്ടുണ്ട്. നിയമനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി 23 ആയി ഉയർത്തിയിട്ടുണ്ട്. നേരത്തേ ഇത് ഇരുപത്തൊന്ന് വയസായിരുന്നു. എന്നാൽ ഇളവ് ഈ വർഷത്തേക്ക് മാത്രമാണെന്നും രണ്ട് വർഷമായി റിക്രൂട്ട്‌മെന്റ് നടക്കാത്ത സാഹചര്യത്തിലാണ് ഇതെന്നുമാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് അടിസ്ഥാനമില്ലെന്നും കൂടുതൽ നിയമനങ്ങൾ നടക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്. അഗ്‌നിപഥ് പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പിൻവലിക്കുന്ന പ്രശ്നമേ ഇല്ലെന്നാണ് കേന്ദ്രം പറയുന്നത്.
ആശങ്കകളും വിശദീകരണവും
1. നാലുവർഷത്തെ കാലാവധി കുറവാണ്. ശേഷം യുവാക്കളുടെ ഭാവി അനിശ്ചിതം
നാലുവർഷത്തിനുശേഷം സംരംഭകരാകാൻ സാമ്പത്തിക പാക്കേജും ബാങ്ക് വായ്പയും. പഠിക്കേണ്ടവർക്ക് 12ാം ക്ലാസ് സർട്ടിഫിക്കറ്റും തുടർ പഠന സൗകര്യവും. ജോലി വേണ്ടവർക്ക് കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിൽ മുൻഗണന.
2. അഗ്നിവീറുകളിൽ 25 ശതമാനം പേർക്ക് മാത്രം സ്ഥിരനിയമനം. 21 വയസ് പിന്നിട്ടവർക്ക് അവസരമില്ല.
സേനയിൽ കൂടുതൽ അവസരങ്ങൾ. അഗ്നിവീർ റിക്രൂട്ട്‌മെന്റ് മൂന്ന് മടങ്ങാവും
3. പതിനേഴരവയസുള്ള കുട്ടികൾക്ക് കുറഞ്ഞ സമയത്തെ പരിശീലനം സേനയുടെ ഗുണമേന്മയെ ബാധിക്കും.
ആദ്യ വർഷം റിക്രൂട്ട് ചെയ്യുന്ന അഗ്നിവീറുകൾ സേനയുടെ മൂന്ന് ശതമാനം മാത്രമായിരിക്കും. നാല് വർഷത്തിന് ശേഷം ഏറ്റവും മികച്ചവരെ സൈന്യത്തിലെടുക്കും
5. 21 വയസുള്ളവർ പക്വതയില്ലാത്തവരും ഉത്തരവാദിത്വം ഏൽപ്പിക്കാൻ പറ്റാത്തവരുമാണ്.
സേനയിൽ യുവാക്കൾ ഒരിക്കലും അനുഭവസമ്പന്നരേക്കാൾ കൂടില്ല. വളരെ സാവധാനം അവരുടെ അനുപാതം 50-50 ആക്കും.
6. പ്രൊഫഷണൽ ആയുധ പരിശീലനം നേടിയ 21 വയസുകാർ ജോലിയില്ലാതാവുമ്പോൾ ഭീകര, ദേശവിരുദ്ധ ഗ്രൂപ്പുകളിൽ ചേരാം.
.നാല് വർഷം യൂണിഫോം ധരിച്ച് രാജ്യത്തെ സേവിക്കുന്ന യുവാക്കൾ ജീവിതകാലം മുഴുവൻ ഇന്ത്യയോട് പ്രതിബദ്ധരായിരിക്കും.