ചെന്നൈ: കൊവിഡ് കെയര്‍ സെന്ററില്‍ 20 കാരന്‍ മരിച്ച് മൂന്ന് മാസം തികയുമ്പോള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഒരു കുടുംബത്തിലെ അവശേഷിച്ച അംഗങ്ങള്‍ എല്ലാവരും മരിച്ചതിന്റെ ഞെട്ടലിലാണ് ഒരു നാട്. മെയ് മാസത്തില്‍ കോവിഡ് കെയര്‍ സെന്ററില്‍ വച്ച് 20കാരന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ 20കാരന്റെ അമ്മയും അച്ഛനും സഹോദരനുമാണ് മരിച്ചത്. അമ്മ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് 20കാരന്റെ അച്ഛനും സഹോദരനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
തമിഴ്നാട്ടിലെ മധുരെയിലാണ് സംഭവം. മെയ് 17ന് 20കാരനായ ശശികുമാറാണ് കൊവിഡ് കെയര്‍ സെന്ററില്‍ ആത്മഹത്യ ചെയ്തത്. ജോലി ചെയ്യുന്ന മഹാരാഷ്ട്രയില്‍ നിന്ന് മടങ്ങിയെത്തിയ ശശികുമാറിനെ കൊവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. ഇവിടെ വച്ചാണ് ശശികുമാര്‍ ജീവനൊടുക്കിയത്. മകന്റെ മരണത്തില്‍ മനസ് തകര്‍ന്ന അമ്മയുടെ ആരോഗ്യനില ഓരോ ദിവസം കഴിയുന്തോറും വഷളാവുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രാമലക്ഷ്മിയെ ചൊവ്വാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് കഴിഞ്ഞ ദിവസമാണ് ഇവര്‍ മരിച്ചത്.
അമ്മയുടെ മരണത്തിന്റെ മനോവിഷമത്തില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ അച്ഛന്‍ മണികണ്ഠനും മൂത്ത സഹോദരന്‍ വസന്തും തൂങ്ങിമരിക്കുകയായിരുന്നു. രാമലക്ഷ്മിയുടെ ശവസംസ്‌കാര ചടങ്ങിന് മുന്‍പ് ആണ്ടിപ്പെട്ടിയില്‍ സ്റ്റോറിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെയ്ത്തുകാരനും വസ്ത്രോല്‍പ്പന വില്‍പ്പനക്കാരനുമായിരുന്നു മണികണ്ഠന്‍.