കൊച്ചി: വൈപ്പിൻ ചാപ്പ കടപ്പുറത്തുനിന്ന് മത്സ്യബന്ധത്തിനുപോയ വള്ളം മറിഞ്ഞ് കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. നന്മ എന്ന വള്ളം മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്. സമൃദ്ധിയെന്ന ഇൻബോർഡ് വള്ളത്തിൽനിന്ന് മത്സ്യം കയറ്റിവരുന്നതിനിടെയാണ് അപകടമുണ്ടായത്. ഏഴുപേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപെട്ട മൂന്നുപേരെ മറ്റൊരു ബോട്ടിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
ഇന്നലെ വൈകിട്ട് നാലുമണിയോടെ മുനമ്പത്തുനിന്ന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെയാണ് അപകടം ഉണ്ടായത്. മത്സ്യത്തൊഴിലാളികളായ ഷാജി, ശരത്, മോഹനൻ രാജു എന്നിവരെയാണ് കാണാതായത്. ഇവർക്കൊപ്പമുണ്ടായിരുന്ന മണിയൻ, ബൈജു, ആനന്ദൻ എന്നിവരെ അതുവഴി വന്ന സെൻ്റ് ജ്യൂഡ് ബോട്ടിലെ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.
പണി കഴിഞ്ഞ് വരുന്നതിനിടെ കടലിൽനിന്ന് നിലവിളി കേട്ടാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതെന്ന് സെൻ്റ് ജ്യൂഡ് ബോട്ടിലെ സ്രാങ്ക് ബിനു പ്രതികരിച്ചു. രാത്രി എട്ടുമണിയോടെ കടലിൽനിന്ന് നിലവിളി കേൾക്കുകയായിരുന്നു. ബോട്ട് തിരിച്ച് തെരച്ചിൽ നടത്തിയതോടെ അവശരായ നിലയിൽ കന്നാസിൽ പിടിച്ചുനിൽക്കുന്ന രണ്ടുപേരെ കടലിൽ കണ്ടെത്തി.
ഉടൻ ബോട്ടിൽനിന്ന് വള്ളം ഇറക്കി ഇവരെ രക്ഷപ്പെടുത്തി. ഇവർ പറഞ്ഞതനുസരിച്ച് മറ്റുള്ളവർക്കായി തെരച്ചിൽ തുടർന്നു. ഇതോടെ കന്നാസിൽ അഭയം പ്രാപിച്ച മൂന്നാമത്തെയാളെയും കണ്ടെത്തുകയായിരുന്നു. മറ്റുള്ളവർക്കായി രാത്രിയിൽ ഏറെനേരം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കോസ്റ്റൽ പോലീസ്, മറൈൻ എൻഫോഴ്സ്മെൻ്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ നടത്തുന്നത്. രക്ഷപ്പെടുത്തിയവരെ ഫോർട്ട് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.