തിരുവനന്തപുരം: നാളെ മുതല്‍ വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ക്ക് നാലക്ക സുരക്ഷാ കോഡ് ലഭിക്കും. വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഈ കോഡ് നിര്‍ബന്ധമാണ്. വാക്‌സിന്‍ വിതരണത്തിന്റെ കൃത്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വാക്‌സിനേഷനായി ബുക്ക് ചെയ്യുന്ന കോവിന്‍ ആപ്പില്‍ ഇതിനായി പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാക്‌സിനേഷനായി രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ അപ്പോയിന്‍മെന്റ് സ്ലിപ്പില്‍ നാലക്ക സുരക്ഷാ കോഡ് പ്രിന്റ് ചെയ്തിട്ടുണ്ടാകും. വാക്‌സിന്‍ എടുക്കാന്‍ എത്തുന്നയാള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ വാക്‌സിനേറ്റര്‍മാര്‍ ഇനി മുതല്‍ ഈ നാലക്ക സുരക്ഷാ കോഡ് ആവശ്യപ്പെടും. നാളെ (മെയ് 8) മുതലാണ് ഈ സംവിധാനം നിലവില്‍ വരിക.
വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്താത്ത ആളുകള്‍ക്ക് കുത്തിവെയ്പ്പ് നല്‍കിയതായുള്ള സന്ദേശങ്ങള്‍ ലഭിച്ചെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് കോവിന്‍ ആപ്പില്‍ പുതിയ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാക്‌സിനേഷന്‍ സെന്ററില്‍ സ്ലിപ്പ് ഡിജിറ്റലായി കാണിക്കാനും സാധിക്കും.