ഫോർട്ട്കൊച്ചി : നെല്ലുകടവിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാക്കളെ മർദിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്കെതിരെ നടപടി. ആരോപണ വിധേയനായ എസ്ഐ സിംഗ്, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ കുമാർ, ഗിരീഷ് എന്നിവരെ സ്ഥലം മാറ്റി. മട്ടാഞ്ചേരി അസി. കമ്മിഷണർ വിജയകുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിക്ക് സമീപത്തെ പറമ്പിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെയാണ് പൊലീസ് സംഘം എത്തുന്നത്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയെന്ന് ആരോപിച്ചായിരുന്നു പൊലീസ് മർദനം.
സംഭവത്തിൽ 5 പേർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ നെല്ലുകടവ് സ്വദേശി ഷഫീക്കിനെ (21) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണിനു പരുക്കേറ്റ സബാഹിനെ (20) എറണാകുളം ജനറൽ ആശുപത്രിയിലും റസാൽ, അക്ഷയ്, ആസിഫ് എന്നിവരെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലും പ്രവേശിച്ചു. പട്ടിക കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദിച്ചെന്നാണ് യുവാക്കളുടെ പരാതി.
പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മർദനത്തിന് ശേഷം മടങ്ങാനൊരുങ്ങിയ പൊലീസുകാരെ നാട്ടുകാർ തടയുകയും സ്റ്റേഷൻ വളയുകയും ചെയ്തിരുന്നു. ജനപ്രതിനിധികൾ ഇടപെട്ടാണ് പിന്നീട് രംഗം ശാന്തമാക്കിയത്.