കൊച്ചി: മുന്‍ കേരള രഞ്ജി ട്രോഫി ടീം ക്യാപ്റ്റന്‍ കെ. ജയറാം (ജയരാമന്‍) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലായിരുന്നു അന്ത്യം. 67 വയസായിരുന്നു.
കേരള ക്രിക്കറ്റ് ടീം കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്നു ജയറാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കേരളത്തിനായി 46 മത്സരങ്ങളില്‍ നിന്നായി അഞ്ച് സെഞ്ചുറികളും 10 അര്‍ധ സെഞ്ചുറികളുമടക്കം 2358 റണ്‍സ് നേടിയിട്ടുണ്ട്.
രഞ്ജി ട്രോഫിയില്‍ ഒരു സീസണില്‍ നാല് സെഞ്ചുറികള്‍ നേടുന്ന കേരള താരമെന്ന റെക്കോഡ് ഇപ്പോഴും ജയറാമിന്റെ പേരിലാണ്. നന്നേ ചെറുപ്പത്തിലേ ക്രിക്കറ്റിലേക്ക് തിരിഞ്ഞ ജയറാം 1968-ല്‍ സെന്‍ട്രല്‍ സോണ്‍ സ്‌കൂള്‍ ടീമില്‍ സെലക്ഷന്‍ നേടി. 1973-74 സീസണില്‍ 17-ാം വയസിലാണ് രഞ്ജി ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ കളിക്കാന്‍ സാധിച്ചത് 1977-78 സീസണിലായിരുന്നു.
1981-82, 82-83 സീസണില്‍ കേരള ടീം ക്യാപ്റ്റനായിരുന്നു. 1985-86 സീസണാണ് ജയറാമിനെ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനാക്കിയത്. അഞ്ച് മത്സരങ്ങളില്‍ നാലിലും സെഞ്ചുറിയുമായി തിളങ്ങി. ഗോവ, ഹൈദരാബാദ്, ആന്ധ്ര, കര്‍ണാടക ടീമുകള്‍ക്കെതിരെയായിരുന്നു സെഞ്ചുറി പ്രകടനങ്ങള്‍. ഇതോടെ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന കേരള താരമായി. 2012-13 സീസണില്‍ വി.എ. ജഗദീഷ് ഈ റെക്കോഡിനൊപ്പമെത്തി.
1992-ലാണ് ജയറാം വിരമിക്കുന്നത്. ശേഷം 1996-ല്‍ കേരളത്തിന്റെ സെലക്ടറായി. 2002-03 സീസണില്‍ അണ്ടര്‍-19 ഇന്ത്യന്‍ ടീമിന്റെ സെലക്ടറുടെ റോളും വഹിച്ചു.