24.4 C
Kottayam
Sunday, September 29, 2024

ഹോട്ടലുടമ ഭയക്കുന്നതെന്ത്? നടന്നത് റേവ് പാര്‍ട്ടിയോ? എക്സൈസ് അന്വേഷിക്കും

Must read

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്നുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ എക്സൈസും പിടിമുറുക്കുന്നു. ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിനു നൽകിയ മൊഴി കേന്ദ്രീകരിച്ചാണ് എക്സൈസിന്റെ അന്വേഷണം. എക്സൈസിനെ ഭയന്നിട്ടാണ് സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ആർ. മാറ്റിയതെന്നാണ് റോയിയുടെ മൊഴി.

അസ്വാഭാവികമായി എന്തെങ്കിലും ഹോട്ടലിൽ നടന്നിട്ടില്ലെങ്കിൽ ഭയക്കേണ്ട കാര്യമില്ലല്ലോ! ഹോട്ടലിൽ എല്ലാ വാരാന്ത്യങ്ങളിലും ഡി.ജെ. പാർട്ടി നടക്കുന്നുണ്ടെന്നും ഇത് മയക്കുമരുന്ന് ഉപയോഗിക്കുന്ന റേവ് പാർട്ടിയായി മാറുന്നുണ്ടെന്നും എക്സൈസ് ഇന്റലിജൻസിൽനിന്ന് വിവരമുണ്ടായിരുന്നു.

ഏപ്രിലിൽ ഹോട്ടലിലെ ഡി.ജെ. പാർട്ടിയിൽ നടത്തിയ റെയ്ഡിൽ കാര്യമായി ലഹരിവസ്തുക്കൾ പിടികൂടാതിരുന്നതിനാൽ വീണ്ടും റെയ്ഡ് അത്യാവശ്യമല്ലെന്ന ധാരണയിലായിരുന്നു എക്സൈസ്. രാത്രി വൈകിയും മദ്യം വിറ്റതിന് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം ഹോട്ടലിലെ ബാറിന്റെ ലൈസൻസ് നവംബർ രണ്ടിനുതന്നെ താത്കാലികമായി റദ്ദ് ചെയ്തിരുന്നു.

ഇതിനുപുറമേ മറ്റൊരു കേസ് കൂടി വന്നാൽ എന്നന്നേക്കുമായി ലൈസൻസ് നഷ്ടമാകുമെന്ന് കരുതിയാണ് സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയതെന്നാണ് പറയുന്നത്. ഈ മൊഴി വിശ്വാസ്യമല്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടം നടന്ന നവംബർ ഒന്നിന് ഒരാഴ്ച മുന്നേ ഇവിടെ പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ പാർട്ടി നടന്നതായാണ് വിവരം.

അങ്ങനെയൊരന്വേഷണത്തിലേക്ക് കടക്കാതിരിക്കാൻ പോലീസിന് മേലുദ്യോഗസ്ഥരിൽനിന്ന് സമ്മർദമുണ്ട്. അതേസമയം, എക്സൈസ് കമ്മിഷണർ തന്നെ ഹോട്ടലിനെതിരേ നടപടിയെടുക്കാൻ നിർദേശം നൽകിയ സാഹചര്യത്തിൽ ശക്തമായ അന്വേഷണത്തിന് എക്സൈസിന് പ്രയാസമില്ല. ഹോട്ടലിൽ നടന്ന സംഭവങ്ങളെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ മട്ടാഞ്ചേരി റേഞ്ച് ഇൻസ്പെക്ടറെയാണ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ചുമതലപ്പെടുത്തിയിരിക്കുന്നത്.

പാലാരിവട്ടം ബൈപ്പാസിലെ കാറപകടത്തിനു പിന്നിൽ ഒഴിയാത്ത ദുരൂഹതകൾ ബാക്കിയാവുന്നു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽനിന്ന് പുറപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ഹോട്ടലിൽനിന്ന് ഒരു കാർ പിന്തുടർന്നിരുന്നു. ഹോട്ടലുടമയുടെതന്നെ നിർദേശപ്രകാരം സി.സി.ടി.വി. ദൃശ്യങ്ങൾ നശിപ്പിച്ചു എന്നും വ്യക്തമായിട്ടുണ്ട്. രണ്ടുപേർ ദാരുണമായി മരിച്ച അപകടത്തിൽ അത്രയും ഗൗരവമുള്ള കാര്യങ്ങൾ ഹോട്ടലുടമയ്ക്ക് ഒളിപ്പിക്കാനുണ്ട് എന്ന് വ്യക്തം. ദുരൂഹമായി അവശേഷിക്കുന്ന ചില പ്രധാന കാര്യങ്ങൾ ഇവയാണ്:-

1. അപകടം നടന്ന ഉടനെ ഹോട്ടലിൽ പരിശോധന നടത്തി സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പിടിച്ചെടുത്തില്ല. ദൃശ്യങ്ങൾ പിടിച്ചെടുക്കാൻ ഒമ്പത്ദിവസം വൈകി. സി.സി.ടി.വി. ഡി.വി.ആർ. മാറ്റാൻ ഹോട്ടലുകാരെ സഹായിച്ചു.

2. നിർണായക സി.സി.ടി.വി. ദൃശ്യങ്ങൾ ഉടമ മാറ്റി. എന്നിട്ടും തെളിവ് നശിപ്പിച്ച ഹോട്ടലുടമയെ തിരഞ്ഞുപിടിക്കാൻ പോലീസ് ശ്രമിച്ചില്ല. ഹാജരാവാൻ ഹോട്ടലുടമയ്ക്ക് മൂന്നുതവണ സമൻസ് നീട്ടി നൽകി.

3. അപകടത്തിൽ സാരമായി പരിക്കേൽക്കാതിരുന്ന അബ്ദുൾ റഹ്മാനിൽനിന്ന് ആദ്യ ദിവസങ്ങളിൽ വിവരം ശേഖരിച്ചില്ല. ഒരാഴ്ച കഴിഞ്ഞാണ് ഇയാളുടെ മൊഴി രേഖപ്പെടുത്തിയത്.

4. കാർ ഓടിച്ചിരുന്ന റഹ്മാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവോ എന്നറിയാനുള്ള പരിശോധന നടത്തിയില്ല.

5. അപകടത്തിനിരയായ കാറിനെ പിന്തുടരുകയും അപകട വിവരം ഹോട്ടലുടമയെ വിളിച്ചറിയിക്കുകയും ചെയ്ത ഔഡി കാറിലെ ഡ്രൈവർ സൈജുവിനെ ഒരുതവണ ചോദ്യം ചെയ്ത് പോലീസ് വിട്ടയച്ചു. മദ്യപിച്ച് വാഹനം ഓടിച്ചവർക്ക് മുന്നറിയിപ്പ് നൽകാനാണ് പിന്തുടർന്നതെന്ന ഇയാളുടെ മറുപടി പോലീസ് വിശ്വസിച്ചു.

6. സൈജു അപകട ശേഷം ഹോട്ടലുടമയെ കൂടാതെ ഹോട്ടലിലെ ജീവനക്കാരെയും വിളിച്ചിട്ടുണ്ട്. എന്തിനാണ് ഹോട്ടലിലെ ജീവനക്കാരെ അർധരാത്രി ഇയാൾ ഫോൺ വിളിച്ചതെന്ന് അന്വേഷിച്ചതേയില്ല. ആദ്യവട്ടം ഹോട്ടലിൽ എത്തി ജീവനക്കാരെ ചോദ്യം ചെയ്ത് പോലീസ് ചടങ്ങ് തീർത്തു.

മുൻ മിസ് കേരളയടക്കം മൂന്നുപേർ പാലാരിവട്ടം ബൈപ്പാസിൽ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ ഹോട്ടലുടമയെയും ജീവനക്കാരെയും ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.തെളിവ് നശിപ്പിച്ച കുറ്റം ചുമത്തിയാണ് ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുടമ വയലാട്ട് റോയി ജോസഫിനെയും ജീവനക്കാരായ കെ.കെ. അനിൽ, വിൽസൻ റെയ്നോൾഡ്, എം.ബി. മെൽവിൻ, ജി.എ. സിജുലാൽ, വിഷ്ണുകുമാർ എന്നിവരെയും പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.

ഡി.ജെ. പാർട്ടി കഴിഞ്ഞിറങ്ങിയ സംഘമാണ് അപകടത്തിൽപ്പെട്ടതെന്നറിഞ്ഞതോടെ പോലീസ് ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കാൻ ശ്രമിച്ചിരുന്നു. ഉടമയുടെ നിർദേശപ്രകാരം ഇത് മാറ്റിയെന്നായിരുന്നു ജീവനക്കാരുടെ മൊഴി. കാറിനെ പിന്തുടർന്ന ഔഡി കാർ ഡ്രൈവർ സൈജു, റോയിയെ വിളിച്ചെന്നും കണ്ടെത്തി. ചൊവ്വാഴ്ച ഡി.വി.ആറുമായി റോയി ഹാജരായി. എന്നാൽ മാറ്റിയ ഒരു ഡി.വി.ആർ. മാത്രമായിരുന്നു എത്തിച്ചത്. ഡി.ജെ. പാർട്ടി നടന്ന ഹാളിലെ ഡി.വി.ആറുമായി ബുധനാഴ്ച ഹാജരാകാൻ നിർദേശം നൽകി വിട്ടയച്ചു. ബുധനാഴ്ച ഡി.വി.ആറില്ലാതെയാണ് എത്തിയത്. ഇത് നശിപ്പിച്ചെന്നായിരുന്നു മൊഴി.

ഹോട്ടലിൽ റോയിയുമായി എത്തി പോലീസ് പരിശോധന നടത്തി. ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്ത് തേവര കണ്ണങ്ങാട്ട് പാലത്തിനു സമീപം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അപകടത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് അൻസിയുടെ കുടുംബം പരാതി നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week