ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപ തിരിമറി നടത്തിയ കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫീസർ അറസ്റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്ഥനായിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്റ്റിലായത്. തൃശൂർ റൂറൽ ക്രൈം ഡിറ്റാച്ച്മെന്‍റ് ഡിവൈ.എസ്.പിയാണ് അറസ്റ്റ് ചെയ്തത്.
2018 ഓക്ടോബര്‍ മൂന്ന് മുതല്‍ 2020 നവംമ്പർ 16 വരെയുള്ള കാലയളവില്‍ ബാങ്കിന്റെ ചീഫ് അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന സുനിൽ ജോസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ പുതിയ ലോണ്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടിയെന്ന കേസിലാണ് അറസ്റ്റ്. ബാങ്കില്‍ പണയത്തിൽ സൂക്ഷിച്ചിരുന്ന 76 പാക്കറ്റിലുള്ള സ്വര്‍ണ്ണ ഉരുപ്പടികള്‍ വീണ്ടും പണയം വച്ച് മൂന്നര കോടി രൂപയാണ് തിരിമറി നടത്തിയത്.
ബാങ്കില്‍ പണയത്തിലിരിക്കുന്ന സ്വര്‍ണ്ണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലാണ് വീണ്ടും പണയം വച്ചത്… ഇടപാടുക്കാരോടും ബാങ്ക് ജീവനക്കാരോടും ഏറെ സൗഹൃദം കാത്തുസുക്ഷിച്ചിരുന്ന പ്രതി വിദഗ്ദമായാണ് തട്ടിപ്പ് നടത്തിയത്..ബ്രാഞ്ച് മാനേജരും, ഗോള്‍ഡ് അപ്രൈസറും ചീഫ് അസോസിയോറ്റുമാണ് സ്വര്‍ണ്ണ പണയ ലോക്കറിന്റെ താക്കോലുകള്‍ പ്രേത്യേകമായി സൂക്ഷിച്ചിരുന്നത്.
ബാങ്കില്‍ നടന്ന ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് നടന്ന വിവരം പുറത്തറിയുന്നത്.അസിസ്റ്റന്റ് ജനറല്‍ മാനേജരുടെ പരാതിയില്‍ കാട്ടൂര്‍ പൊലീസാണ് കേസ് രജിസ്ട്രറ്റര്‍ ചെയ്തിരുന്നതെങ്കില്ലും വലിയ തുകയുടെ തിരിമറിയായതിനാല്‍ കേസ് ക്രൈബ്രാഞ്ചിന് വിടുകയായിരുന്നു. ഉദ്യോഗസ്ഥനേയും മാനേജരേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷമായി പ്രതി ഒളിവിലായിരുന്നു. ഇരിങ്ങാലക്കുട സ്വദേശിയായ പ്രതി ക്രൈബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.