27.8 C
Kottayam
Friday, May 24, 2024

ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു.

Must read

കൊല്ലം: കേരളാ കോൺഗ്രസ് ബി. ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ബാലകൃഷ്ണപ്പിളളയുടെ മകൻ കെ.ബി.ഗണേഷ് കുമാറാണ് മരണവാർത്ത അറിയിച്ചത്.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935 മാർച്ച് എട്ടിനാണ് ബാലകൃഷ്ണപിള്ളയുടെ ജനനം. തിരുവനന്തപുരത്തെ എം.ജി. കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽനിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. വിദ്യാർഥിയായിരിക്കേ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി.

കോൺഗ്രസിലൂടെയായിരുന്നു സജീവരാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. പിന്നീട് 1964-ൽ കേരളാ കോൺഗ്രസ് രൂപവത്കരിച്ചപ്പോൾ സ്ഥാപകനേതാക്കളിൽ ഒരാളായി. 1976-ൽ കേരള കോൺഗ്രസ് ചെയർമാൻ കെ.എം. ജോർജിന്റെ മരണത്തെ തുടർന്ന് കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയും തമ്മിൽ അഭിപ്രായവ്യത്യാസം രൂപപ്പെട്ടു. തുടർന്ന് കേരളാ കോൺഗ്രസ് പിളരുകയും 1977-ൽ ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ കേരളാ കോൺഗ്രസ് ബി രൂപവത്കരിക്കുകയും ചെയ്തു. പിന്നീട് എൽ.ഡി.എഫിനൊപ്പ(1977-1982)വും യു.ഡി.എഫിനൊ(1982-2015)പ്പവും പ്രവർത്തിച്ചു. നിലവിൽ എൽ.ഡി.എഫിനൊപ്പമാണ് കേരള കോൺഗ്രസ് ബി.

1975-ൽ സി.അച്യുത മേനോൻ സർക്കാരിലാണ് ബാലകൃഷ്ണപിള്ള ആദ്യമായി മന്ത്രിസ്ഥാനത്തെത്തുന്നത്. ഗതാഗതം, എക്സൈസ്, ജയിൽ വകുപ്പുകളുടെ ചുമതലയായിരുന്നു ലഭിച്ചത്. തുടർന്ന് 1980-82, 82-85,86-87 വർഷങ്ങളിൽ വൈദ്യുതി വകുപ്പുമന്ത്രിയായും 1991-95, 2001-04 കാലയളവിൽ ഗതാഗത വകുപ്പുമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ മാവേലിക്കരയിൽനിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1960,1965,1977,1980,1982,1987,1991,2001 വർഷങ്ങളിൽ കേരള നിയമസഭാംഗമായിരുന്നു. 2006-ലാണ് പിള്ള അവസാനമായി നിയമസഭാ തിരഞ്ഞെുപ്പിൽ മത്സരിക്കുന്നത്. കൊട്ടാരക്കരയിലെ സിറ്റിങ് എം.എൽ.എ. ആയിരുന്ന ബാലകൃഷ്ണപിള്ള പക്ഷെ, സി.പി.എമ്മിന്റെ ഐഷാ പോറ്റിയോട് പരാജയപ്പെട്ടു. 2017-ൽ കേരള മുന്നോക്ക വികസന കോർപറേഷൻ ചെയർമാനായി നിയമിക്കപ്പെട്ടു.

വിവാദച്ചുഴികൾ നിറഞ്ഞതായിരുന്നു പിള്ളയുടെ രാഷ്ട്രീയജീവിതം. വിവാദമായ പഞ്ചാബ് മോഡൽ പ്രസംഗത്തിന്റെ പേരിൽ 85-ൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു. കൂറുമാറ്റ നിരോധന നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആദ്യ നിയമസഭാംഗവും അഴിമതി കേസിൽ ശിക്ഷിക്കപ്പെടുന്ന കേരളത്തിലെ ആദ്യമന്ത്രിയും ബാലകൃഷ്ണപിള്ളയാണ്.

ആർ വത്സലയാണ് ബാലകൃഷ്ണപിള്ളയുടെ ഭാര്യ. സിനിമാനടനും പത്തനാപുരം എം.എൽ.എയുമായ ഗണേഷ് കുമാർ, ഉഷ, ബിന്ദു എന്നിവരാണ് മക്കൾ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week