CrimeFeaturedKeralaNews

സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; കെപിസിസി മുൻ ജനറൽ സെക്രട്ടറി റിമാൻഡിൽ

പുൽപ്പള്ളി: വയനാട് പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ ബാങ്ക് മുന്‍ പ്രസിഡണ്ടും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ കെ എബ്രഹാം റിമാൻഡിൽ. കോഴിക്കോട് പിഎംഎൽഎ സ്പെഷ്യൽ കോടതിയാണ് റിമാന്‍റ് ചെയ്തത്.എട്ടരക്കോടിയോളം രൂപയുടെ വായ്പതട്ടിപ്പില്‍ ഒന്നാം പ്രതിയാണ് കെകെ എബ്രഹാം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കെകെ എബ്രഹാമിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്തത്. 

കോഴിക്കോട്ടെ ഇ.ഡി ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്ത ശേഷം ബുധനാഴ്ചയാണ്  എബ്രഹാമിനെ അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് ദിവസം ഇ.ഡി കസ്റ്റഡിയിലായിരുന്നു കെകെ എബ്രഹാം. കസ്റ്റഡി അവസാനിക്കുന്ന ഇന്നലെ കെകെ എബ്രഹാമിനെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി.  തുടർന്ന് കോടതി 14 ദിവസത്തേക്ക് കൂടി പ്രതിയായ എബ്രഹാമിനെ റിമാന്‍റ് ചെയ്യുകയായിരുന്നു. കേസിൽ മറ്റൊരു പ്രതിയായ സജീവൻ കൊല്ലപ്പള്ളിയുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കില്‍വായ്പ ഇടപാടില്‍ 8.64 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായാണ് ഇവർക്കെതിരെയുള്ള കേസ്. 

കേസില്‍ പൊലീസ് നേരത്തെ കെകെ എബ്രഹാമിനെയും ബാങ്ക് സെക്രട്ടറിയേയും അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ കഴിയുന്നതിനിടെയാണ് ഇ.ഡി കെകെ എബ്രഹാമിനെ കസ്റ്റഡിയില്‍ എടുക്കുന്നതും ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുന്നതും. തട്ടിപ്പില്‍ പത്ത് പേര്‍ക്കെതിരെ തലശേരി വിജിലന്‍സ് കോടതിയില്‍ കേസുണ്ട്. തട്ടിപ്പിന് ഇരയായി പണം നഷ്ടപ്പെട്ട ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതോടെയാണ് ബാങ്കിനെതിരെ വ്യാപക പ്രഷേധം ഉയര്‍ന്നതും നിയമ നടപടികള്‍ തുടങ്ങിയതും. പൊലീസ് അറസ്റ്റ് ചെയ്തതോടെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം കെകെ എബ്രഹാം രാജിവെക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button