30 C
Kottayam
Friday, May 17, 2024

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു; അതീവഗുരുതരം

Must read

ടോക്യോ∙ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. വെടിയൊച്ച കേട്ടെന്നും രക്തം ഒലിച്ച് ആബെ നിലത്തു വീണെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ആബെയുടെ നില അതീവഗുരുതരമാണ്‌. അദ്ദേഹത്തിന്റെ നെഞ്ചിലാണ് വെടിയേറ്റതെന്നു റിപ്പോര്‍ട്ടുണ്ട്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്നു പൊലീസ് സ്ഥിരീകരിച്ചു. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ  പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്.

ജപ്പാന്റെ ഔദ്യോഗിക മാധ്യമമായ ജപ്പാൻ ബ്രോഡ്‌കാസ്റ്റിങ് കോർപറേഷനെ  ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അബോധാവസ്ഥയിലായ ആബെയെ ആശുപത്രിയിലേക്കു മാറ്റി. ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. 

തുടർച്ചയായ രണ്ട് വെടിയൊച്ച കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എൻഎച്ച്‌കെ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. 2020ലാണ് അദ്ദേഹം പടിയിറങ്ങുന്നത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണു വെടിയേറ്റത്.

2006ലാണ് ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത്. ഒരു വർഷം അതു തുടർന്നു. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറ്റ സൃഹൃത്താണ് ആബെ.

ജപ്പാന്റെ അധോസഭയായ ഹൗസ് ഓഫ് റപ്രസന്റേറ്റിവ്‌സിലേക്ക് ആദ്യമായി 1993ലാണ് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് നിർണായക സ്ഥാനത്തെത്തുന്നത് 2005ൽ ചീഫ് കാബിനറ്റ് സെക്രട്ടറിയായതോടെയാണ്. തൊട്ടടുത്ത വർഷം ഡിസംബറിൽ എൽഡിപി പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. ഒരു വർഷത്തിനിപ്പുറം ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു.

2012ൽ പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ അദ്ദേഹം എൽഡിപിയിലെ ഷിഗേരു ഇഷിബയെ തോൽപിച്ച് വീണ്ടും പാർട്ടി അധ്യക്ഷനായി. തൊട്ടടുത്ത വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ വൻ വിജയമാണ് എൽഡിപി സ്വന്തമാക്കിയത്. 2014ലും 2017ലും ഈ വിജയം തുടർന്നതാണ് ജപ്പാനിൽ ഏറ്റവുമധികം കാലം പ്രധാനമന്ത്രിയായിരിക്കാൻ ആബെയെ സഹായിച്ചത്. 2020 ഓഗസ്റ്റിൽ ആരോഗ്യനില വീണ്ടും മോശമായതോടെ രാജിവയ്ക്കേണ്ടി വന്നു. വീണ്ടും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ സജീവമാകുന്നതിനിടെയായിരുന്നു വെടിയേറ്റത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week