ബെംഗളൂരു: ബിെജപിയിൽനിന്ന് രാജിവച്ച കർണാടക മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി കോൺഗ്രസിൽ ചേർന്നു. സാവദി അത്തനി മണ്ഡലത്തിൽ കോൺഗ്രസിനു വേണ്ടി ജനവധി തേടുമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ അറിയിച്ചു. തിരഞ്ഞെടുപ്പിൽ സാവദി ജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു. കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് സാവദി പാർട്ടിയിൽ ചേർന്നത്.
കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സാവദി ബിജെപിയിൽ നിന്ന് രാജിവച്ചത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയുടെ അടുത്ത അനുയായിയും കരുത്തനായ ലിംഗായത്ത് നേതാവുമാണ് സാവദി. 2018 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോടു പരാജയപ്പെട്ടിരുന്നു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങിയതിനു പിന്നാലെയാണ് കര്‍ണാടക ബിജെപിയില്‍ കലഹമുണ്ടായത്. പുതുമുഖങ്ങള്‍ക്ക് അവസരമെന്ന പേരില്‍ മുതിർന്ന നേതാക്കളെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.
ബെളഗാവിയില്‍ 2003 മുതല്‍ 2018വരെ എംഎല്‍എയായിരുന്ന സാവദിയെ മാറ്റി, 2019ല്‍ ഓപ്പറേഷന്‍ താമര വഴി പാര്‍ട്ടിയിലെത്തിയ മഹേഷ് കുമ്മത്തള്ളിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. 2018ല്‍ തന്നെ തോല്‍പ്പിച്ച മഹേഷിന് വീണ്ടും സീറ്റുനല്‍കുന്നതിനെ സാവദി കടുത്ത രീതിയില്‍ എതിത്തു. ബി.എസ്. യെഡിയൂരപ്പയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ശക്തമായി വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ഇക്കാര്യം മനസിലാക്കിയ സാവദി ബിജെപി വിട്ട് കോൺഗ്രസിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ട മുന്‍മുഖ്യമന്ത്രി ജഗദീഷ് ഷട്ടര്‍ സുബ്ബള്ളിയില്‍ റിബലായി മത്സരിക്കാനാണ് തീരുമാനം. സീറ്റില്ലെന്നുറപ്പായതോടെ ചൊവ്വാഴ്ച മറ്റൊരു ഉപമുഖ്യമന്ത്രിയായ കെ.എസ്.ഈശ്വരപ്പ രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.