തുടര്‍ചികിത്സ, ഉമ്മന്‍ ചാണ്ടി ചാര്‍ട്ടര്‍ വിമാനത്തില്‍ ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധചികിത്സക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. നിലവില്‍ ചികിത്സ നടത്തിയിരുന്ന നെയ്യാറ്റിന്‍കരയിലെ നിംസ് ആശുപത്രിയില്‍നിന്ന് അദ്ദേഹം നേരത്തെ ചികിത്സ തേടിയിരുന്ന ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. വൈകുന്നേരം 3.30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് എയർ ആംബുലന്‍സില്‍ ഉമ്മന്‍ ചാണ്ടി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു.

അതേസമയം, കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അണുബാധ പൂര്‍ണമായും ഭേദമായതിന് ശേഷമാണ് ഉമ്മന്‍ചാണ്ടിയെ എയര്‍ ആംബുലന്‍സില്‍ ബെംഗളൂരുവിലെ എച്ച്.സി.ജി. ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആറ് ദിവസമാണ് അദ്ദേഹം നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News