മറ്റൊരാളുമായുള്ള പ്രണയബന്ധം സഹിച്ചില്ല; യുവതിയെ മുന്‍ കാമുകന്‍ കൊന്നു കത്തിച്ചു

ഹൈദരാബാദ്: എസ്.ബി.ഐ ജീവനക്കാരിയെ മുന്‍ കാമുകന്‍ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കത്തിച്ചു. ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ ജില്ലയിലാണു ദാരുണ സംഭവം അരങ്ങേറിയത്. യുവതി മറ്റൊരാളുമായി ബന്ധം ആരംഭിച്ചതാണു കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

സ്‌നേഹലത എന്ന 19-കാരിയാണു കൊല്ലപ്പെട്ടത്. പ്രതിയായ ഗൂട്ടി രാജേഷുമായി പെണ്‍കുട്ടിക്കു ബന്ധമുണ്ടായിരുന്നു. ഇയാള്‍ കല്‍പ്പണിക്കാരനായിരുന്നു. ബാങ്കില്‍ ജോലി കിട്ടിയതോടെ പെണ്‍കുട്ടി രാജേഷുമായി അകന്നു. പഴയ സഹപാഠിയായ പ്രവീണുമായി പ്രണയബന്ധം ആരംഭിക്കുകയും ചെയ്തു.

ഇതോടെയാണു സ്‌നേഹലതയെ കൊലപ്പെടുത്താന്‍ രാജേഷ് പദ്ധതിയിടുന്നത്. ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനായി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയശേഷം ഒറ്റപ്പെട്ട സ്ഥലത്തുകൊണ്ടുപോയി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന ബാങ്ക് രേഖകളും മൃതദേഹവും കത്തിച്ചു. ഇവര്‍ തമ്മില്‍ ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു.

തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പോലീസ് എത്തിച്ചേരുന്നത്. പെണ്‍കുട്ടി ജോലി ചെയ്യുന്ന സ്ഥലത്തു നിന്നും 25 കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ സംശയം പറഞ്ഞതിനെ തുടര്‍ന്ന് പോലീസ് രാജേഷിനെ ചോദ്യം ചെയ്തു. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരുവരും തമ്മില്‍ 1618 തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നു പോലീസ് കണ്ടെത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News