കൊച്ചി:മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഹൃദയം. ഒരു വിനീത് ശ്രീനിവാസൻ ചിത്രം എന്നതിൽ ഉപരി നിരവധി പ്രതീക്ഷ നൽകി കൊണ്ടാണ് ചിത്രം എത്തിയത്. പ്രണവ് മോഹൻലാൽ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. എന്നാൽ പ്രണവിനോടൊപ്പം തന്നെ മികച്ച ഒരുപിടി കഥാപാത്രങ്ങൾ വിനീത് സൃഷ്ടിച്ചിരുന്നു. ചിത്രം പുറത്ത് വരുന്നതിന് മുൻപ് കല്യാണി, ദർശന രാജേന്ദ്രൻ എന്നിവരെ ചുറ്റിപ്പറ്റിയായിരുന്നു ചർച്ചകൾ നടന്നത്. എന്നാൽ സിനിമ പുറത്ത് വന്നതിന് ശേഷമാണ് വിനീത് കാത്തുവെച്ച സർപ്രൈസ് പുറത്ത് എത്തുന്നത്.
ഹൃദയത്തിൽ മലയാളി പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച താരമാണ് കലേഷ്. സ്വന്തം പേരിനെക്കാളും സെൽവ എന്നാണ് പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. നാടകത്തിലും ഡബ്ബിങ്ങ് മേഖലയിലും സജീവമായ കലേഷിന്റെ മനസ്സിൽ സിനിമ തന്നെയായിരുന്നു സ്വപ്നം. ചെറിയ വേഷങ്ങളിൽ സിനിമയിൽ മുഖം കാണിച്ചുവെങ്കിലും ശ്രദ്ധിക്കപ്പെടുന്നത് ഹൃദയത്തിലൂടെയാണ്.
ഇപ്പോഴിത ചിത്രത്തിലൂടെ ലഭിച്ച സൗഹൃദങ്ങളെ കുറിച്ച് പറയുകയാണ് കലേഷ്. മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. കൂടാതെ മോഹൻലാലിന്റെ വീട്ടിൽ വെച്ചുണ്ടായ രസകരമായ സംഭവത്തെ കുറിച്ചും കലേഷ് പറയുന്നുണ്ട്. എല്ലാവരും തമ്മില്‍ പരസ്പരം ആത്മബന്ധമുണ്ടായിരുന്നുവെന്നാണ് ലൊക്കേഷൻ ഓർമ പങ്കുവെച്ച് കൊണ്ട് നടൻ പറയുന്നത്.
‘സിനിമയിലെ പോലെ തന്നെ ഷൂട്ടിങ്ങ് അനുഭവങ്ങളും. എല്ലാവരും തമ്മില്‍ പരസ്പരം ആത്മബന്ധമുണ്ടായിരുന്നു. അതുകൊണ്ടാണ് കഥാപാത്രങ്ങളിലെ കെമിസ്ട്രി വര്‍ക്ക്ഔട്ട് ആയതും. ഒരു ജാഡയോ അഹങ്കാരമോ ഇല്ലാത്ത ആളാണ് പ്രണവെന്നും കലേഷ് അഭിമുഖത്തിൽ പറയുന്നുണ്ട്.. ലാലേട്ടന്‍റെ മകനാണെന്ന പെരുമാറ്റൊന്നുമുണ്ടായിരുന്നില്ല. നമ്മളാണ് ഇത്രയും വലിയൊരു മഹാനടന്‍റെ മകനാണല്ലോ എന്ന് ചിന്തിച്ചത്. ജാഡയോ അഹങ്കോരമോ ഒന്നുമുണ്ടായിരുന്നില്ല പ്രണവിന്. സീനിനു മുന്‍പ് ഇതെങ്ങനെ ചെയ്യണമെന്ന് നമ്മളോട് അഭിപ്രായം ചോദിക്കും. അപ്പുവും ഞാനുമായി പെന്‍ഫൈറ്റ് ഒക്കെ കളിച്ചു സംസാരിച്ചു. അന്നാണ് സൗഹൃദം കൂടിയതും. ദർശനയെ നേരത്തെ അറിയാമായിരുന്നു എന്നും കലേഷ് പറയുന്നു.
മോഹൻലാലിന്‌റെ വീട്ടിൽ വെച്ച് നടന്ന രസകരമായ സംഭവവും കലേഷ് പറയുന്നുണ്ട്. ”ഷൂട്ടിനുശേഷമുള്ള പാര്‍ട്ടിയായിരുന്നു അത്. അടിച്ചുപൊളിയും പാര്‍ട്ടിമൂഡ് വന്നപ്പോഴും മോഹന്‍ലാലിന്‍റെ വീടാണെന്ന് മറന്നുപോയി. വേല്‍മുരുക പാട്ടിനൊക്കെ ഡാന്‍സ് ചെയ്തോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് മുറിയുടെ കോര്‍ണറില്‍ മിണ്ടാതെ ഒരാള്‍ നോക്കിനില്‍ക്കുന്നു. പാതിരാത്രിയാണ് സംഭവം. ലാലേട്ടന്‍ ഷൂട്ട് കഴിഞ്ഞു വന്നതാണ്. അടുത്ത ദിവസം തന്നെ സാറിനു എവിടെയോ പോകേണ്ടതായുണ്ട്. ആ ഒരു ക്ഷീണമോ ഒന്നും കാണിക്കാതെ പുള്ളി രസിച്ച് കണ്ടോണ്ടിരിക്കുകയായിരുന്നു ഞങ്ങളെ. കുഴപ്പമില്ല.. നിങ്ങള്‍ എന്‍ജോയി ചെയ്യൂ എന്ന് പറഞ്ഞ് ലാല്‍ സാര്‍ പോയി. പുള്ളിയെ കാണുമെന്ന് ആരും പ്രതീക്ഷിച്ചില്ല. ഒരാള്‍ ഡാന്‍സ് തകര്‍ത്ത് കളിക്കുന്നതിനിടെ പെട്ടന്ന് സ്റ്റാച്യൂ ആയി ഭിത്തീല് പഞ്ഞിയായി. എല്ലാവരും അന്ന് ശരിക്കും സ്റ്റാച്യൂവായി നിന്നുവെന്നും മോഹൻലാലിനെ കണ്ട സംഭവം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
സിനിമ രംഗത്തും ഹൃദയത്തിലും എത്തിയതിനെ കുറിച്ചും നടൻ അഭിമുഖത്തിൽ പറയുന്നുണ്ട്. വിനീതിന്റെ തന്നെ മലയാളി എന്ന ആൽബത്തിലൂടെയായിരുന്നു കലേഷിന്റെ തുടക്കം. റോമ യും പൃഥ്വിരാജും എത്തിയ ‘മിന്നലഴകെ’ എന്ന പാട്ടിൽ കലേഷും ഉണ്ടായിരുന്നു. റോമയുടെ കൂടെ ചെറിയൊരു റോള്‍ ചെയ്തുവെന്നും താരം പറയുന്നു. കോളേജില്‍ പഠിക്കുന്ന സമയത്താണ് ഈ ആല്‍ബം ചെയ്തത്. കുഞ്ഞനന്തന്‍റെ കട എന്ന സലീം അഹമ്മദ് സംവിധാനത്തിലെത്തിയ മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള വരവ്. അന്ന് പ്രശംസകള്‍ വന്നിരുന്നെങ്കിലും അധികം ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നു. ശേഷം തനി ഒരുവന്‍ എന്ന തമിഴ് ചിത്രം ചെയ്തു. ഈ സിനിമ കണ്ടശേഷം വിനീതേട്ടന്‍ നല്ലതായിരുന്നുവെന്ന് അഭിപ്രായം പറഞ്ഞിരുന്നു. പിന്നീടാണ് എനിക്ക് വിനീതേട്ടന്‍ നമ്പര്‍ തരുത്. മൂന്നര കൊല്ലം കഴിഞ്ഞാണ് ഹൃദയത്തിലെ സെല്‍വ നീ ചെയ്യുമോ എന്ന് ചോദിച്ചത്. അതുകൊണ്ട് ഓഡീഷന്‍ കടമ്പ ഇല്ലായിരുന്നു. അവസാനം ആഗ്രഹിച്ചിരുന്ന കോള്‍ വന്നു. എന്ത് കഥാപാത്രമാണെന്ന് പിന്നീടാണ് പറയുന്നതെന്നും കലേഷ് അഭിമുഖത്തിൽ പറഞ്ഞു.