നല്ലത് ചെയ്യുമ്പോൾ ചിലപ്പോൾ അക്കിടിയും പറ്റും, വിവാഹം അങ്ങനെ സംഭവിച്ചത്’; നന്ദി പറഞ്ഞ് ഗായത്രി അരുൺ
മിനി സ്‌ക്രീനിലെ മിന്നും താരമായിരുന്നു നടി ഗായത്രി അരുൺ. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസിലൂടെയാണ് മലയാളികളുടെയെല്ലാം മനസിൽ ഗായത്രി ഇടംനേടിയത്. അതുവരെ മലയാളികൾ കണ്ട് ശീലിച്ചിട്ടുള്ള സ്ഥിരം സീരിയൽ കണ്ണീർപുത്രി ആയിരുന്നില്ല ഗായത്രി ഈ സീരിയലിൽ അവതരിപ്പിച്ച ദീപ്തി എന്ന കഥാപാത്രം. മലയാളികൾ അന്നേവരെ ഇത്രയും ബോൾഡ് ആയ ഒരു സീരിയൽ കഥാപാത്രത്തെ കണ്ടിട്ടില്ലെന്ന് വേണം പറയാൻ. എന്നാൽ സീരിയൽ തീർന്നതിനു ശേഷം അവതാരകയായി ദീപ്തി എത്തിയിരുന്നു. ചില സിനിമയിലും അഭിനയിച്ചു.
സർവോപരി പാലാക്കാരൻ എന്ന സിനിമയിലിലൂടെയാണ് ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം ഓർമ, തൃശൂർപൂരം, വൺ എന്നെ ചിത്രങ്ങളിലും അഭിനയിച്ചു. സിനിമയിൽ നിന്ന് വേറെയും ഓഫറുകൾ വന്നിരുന്നുവെന്നും നല്ല ക്യാരക്ടർ കിട്ടിയാൽ ചെയ്യുമെന്നും എന്നാൽ അതിനുവേണ്ടി ശ്രമിക്കുന്നില്ലെന്നും ഗായത്രി പറഞ്ഞിരുന്നു. പരസ്പരത്തിന് ശേഷം മറ്റ് സീരിയലുകളിൽ അഭിനയിക്കാത്തതിന്റെ കാരണവും ദീപ്തി പറഞ്ഞിരുന്നു. ധാരാളം ഓഫറുകൾ പിന്നീട് വന്നുവെങ്കിലും പക്ഷെ അതൊന്നും ദീപ്തി പോലെ നല്ല കാമ്പുള്ള കഥാപാത്രമായിരുന്നില്ലെന്നും വന്ന കഥാപാത്രങ്ങളെല്ലാം തന്നെ സ്ഥിരം നമ്മൾ കണ്ടുമടുത്ത കഥാപാത്രങ്ങളായിരുന്നുവെന്നും അതുകൊണ്ടാണ് താൻ പിന്നീട് സീരിയൽ മേഖലയിലേക്ക് സജീവമായി പോകാതിരുന്നത് എന്നുമാണ് ഗായത്രി പറഞ്ഞത്
നടി എന്നതിലുപരി എഴുത്തുകാരി എന്ന നിലയിലും തന്റെ പുസ്തകങ്ങളിലൂടെ ജനശ്രദ്ധ നേടിയിരുന്നു ഗായത്രി അരുൺ. ‘അച്ഛപ്പം കഥകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകമാണ് ഗായത്രിയുടേതായി ആദ്യമായി വായനക്കാരിലേക്ക് എത്തിയത്. ഗായത്രിയുടെ അച്ഛനൊപ്പമുള്ള സന്തോഷ നിമിഷങ്ങളും അച്ഛനെക്കുറിച്ചുള്ള കഥകളുടേയും സമാഹാരമാണ് അച്ഛപ്പം കഥകൾ. പുസ്തകം മഞ്ജു വാര്യർക്ക് സമ്മാനിക്കുന്നതും, മോഹൻലാലിന് സമ്മാനിക്കുന്നതുമായ ചിത്രങ്ങളെല്ലാം ഗായത്രി തന്നെ മുന്നേ പങ്കുവെച്ചിരുന്നു. അച്ഛപ്പം കഥകൾക്ക് ലഭിച്ച മികച്ചൊരു പ്രതികരണം പങ്കിട്ട് നന്ദിയുമായെത്തിയിരിക്കുകയാണ് താരം. നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി ശരൺ എന്ന ക്യാപ്ഷനോടെയായിരുന്നു ഗായത്രി കുറിപ്പ് പോസ്റ്റ് ചെയ്തത്. ഗായത്രിയുടെ നന്ദി കുറിപ്പ് ശ്രദ്ധയിസൽപ്പെട്ട് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്തും കമന്റ് പങ്കുവെച്ചിട്ടുണ്ട്.
ഗായത്രിയുടെ പുസ്തകം വായിച്ച ശരൺ കുറിച്ചത് ഇങ്ങനെയായിരുന്നു. ‘അച്ഛപ്പം കഥകൾ… വാങ്ങിയിട്ട് ഒരാഴ്ച്ച ആയിരുന്നു എങ്കിലും ഇന്നാണ് വായിക്കാൻ എടുത്തത്. എറണാകുളത്തെ ഒറ്റ മുറി വാടക വീട്ടിൽ ഇരുന്ന് വായിച്ച് തീർത്തപ്പോൾ ഓർമ്മകൾ ആകുമ്പോഴല്ലേ എന്തിനും ചന്തം കൂടുക എന്ന പത്മരാജൻ സാറിന്റെ വരികൾ ആണ് ആദ്യം ഓർമ്മ വന്നത്. അച്ഛപ്പം കഥകൾ മനോഹരമാണ്. അതിലെ അച്ചപ്പവും.. വായിച്ചുകൊണ്ടിരിക്കുന്ന നേരമത്രയും അച്ഛപ്പത്തിനോടും ആ കുടുംബത്തിനോടും ഒപ്പം ഞാനും സഞ്ചരിച്ചിരുന്നു. ‘എന്ത് നല്ലത് ചെയ്താലും കൂടെ ഒരു അക്കടി പറ്റും കല്യാണവും അങ്ങിനെ പറ്റിയതാ’ എന്ന നർമ്മത്തിനൊപ്പം.. അല്ലെങ്കിലും അച്ഛനമ്മമാർക്ക് എന്ത് പാർഷ്യാലിറ്റി എന്ന സ്നേഹത്തിനൊപ്പം.. ഇനി വേണേൽ സ്വന്തമായി ഒരു ആംബുലൻസ് മേടിക്കാം എന്ന നൊമ്പരപെടുത്തുന്ന തമാശക്കൊപ്പം.. അങ്ങിനെ അങ്ങിനെ…. വായിക്കപെടുക എന്നതിൽ കൂടുതൽ എന്ത് സന്തോഷമാണ് അക്ഷരങ്ങൾക്ക് പറയാൻ ഉണ്ടാകുക… അച്ഛപ്പം കഥയിലെ അക്ഷരങ്ങളെയും അതിലെ അച്ചപ്പത്തിനെയും ഹൃദയത്തോട് ചേർത്ത് വെക്കുന്നു…’ പുസ്തകത്തെ കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു.
തന്റെ പുസ്തകത്തിന് അച്ഛപ്പം കഥകൾ എന്ന് പേരിട്ടതിന് പിന്നിലെ കാരണത്തെക്കുറിച്ചും ഗായത്രി അരുൺ തുറന്ന് സംസാരിച്ചിരുന്നു. ‘എന്റെ അച്ഛനെക്കുറിച്ചുള്ള പുസ്തകമാണിത്. അച്ഛന് പറ്റിയ അബദ്ധങ്ങളും അച്ഛന്റെ തമാശയുമെല്ലാം അച്ഛനെ തന്നെ വായിച്ച് കേൾപ്പിക്കുന്നതിന് വേണ്ടിയാണ് ഇതെഴുതിയത്. മോഹൻലാലിൽ നിന്നും മഞ്ജു വാര്യർ പുസ്തകമേറ്റ് വാങ്ങിയത് അത്ഭുതമായാണ് കാണുന്നത്. സ്വപ്‌നത്തിൽപ്പോലും വിചാരിക്കാത്ത കാര്യമായിരുന്നു അത്. അങ്ങനെ സംഭവിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നുമായിരുന്നു’ ഗായത്രി പറഞ്ഞത്. പുസ്തകം കൈയ്യിലുണ്ടായിട്ടും വായിക്കാനാവാത്തതിന്റെ വിഷമത്തെക്കുറിച്ചായിരുന്നു അശ്വതി ശ്രീകാന്ത് കമന്റിലൂടെ ഗായത്രിയോട് പറഞ്ഞത്.