പാലക്കാട്: മരം മോഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡയിലെടുത്ത പ്രതികളെ ഫോറസ്റ്റ് സ്‌റ്റേഷനില്‍ വസ്ത്രം അഴിച്ചുമാറ്റി ലോക്കപ്പിലിട്ടു. അട്ടപ്പാടി ചെമ്മണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലാണ് നിയമങ്ങള്‍ അട്ടിമറിച്ചുള്ള ഈ നടപടി. മരം മോഷ്ടിച്ചു എന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത മുഹമ്മദാലി, അശോകന്‍ എന്നിവരെയാണ് വിവസ്ത്രരാക്കിയത്. ഒടുവില്‍ വനിതാ ഉദ്യോഗസ്ഥര്‍ നല്‍കിയ പത്രക്കടലാസുകൊണ്ട് നാണം മറയ്ക്കേണ്ട സ്ഥിതിയും ഇവര്‍ക്കുണ്ടായി. വര്‍ഷങ്ങളായി പാസ് മുഖേന മരം കയറ്റുന്നവരാണ് കസ്റ്റഡിയില്‍ അപമാനിതരായ കാഞ്ഞിരപ്പുഴ സ്വദേശി മുഹമ്മദാലിയും അട്ടപ്പാടി സ്വദേശി അശോകനും.
പാസില്ലാതെ മരം കയറ്റി എന്ന് ആരോപിച്ച് ഇരുവരെയും കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. വനിതാ ജീവനക്കാരുടെ മുന്നില്‍ വച്ച് വസ്ത്രങ്ങള്‍ നിര്‍ബന്ധപൂര്‍വം അഴിച്ചുവാങ്ങി. ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു വസ്ത്രാക്ഷേപം. ലോക്കപ്പിലിടുമ്പോള്‍ മാന്യമായ വസ്ത്രം നല്‍കണമെന്ന നിയമം നിലനില്‍ക്കെയാണ് ഉദ്യോഗസ്ഥരുടെ നടപടി.
മരം മോഷ്ടിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും പിടിയിലായവര്‍ പറയുന്നു. ലോക്കപ്പില്‍ അപമാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ഡി.എഫ്.ഒക്ക് പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.