ഒട്ടാവ: കനത്ത ചൂടും ഉഷ്ണ തരംഗവും മൂലം വലയുന്ന കാനഡയിലെ ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കി കാട്ടു തീയും പടര്‍ന്ന് പിടിക്കുന്നു. കഴിഞ്ഞ ദിവസം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്ത് കാട്ടുതീ പടര്‍ന്ന് പിടിച്ചതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പ്രദേശങ്ങളിലേക്ക് കാട്ടു തീ നിയന്ത്രണാധീതമായി പടര്‍ന്ന് പിടിക്കുന്നതിനാല്‍ ജനവാസ മേഖലകളില്‍ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു.
തടാകങ്ങളുടെ നാടായി അറിയപ്പെടുന്ന കാനഡ ഇപ്പോള്‍ വെന്തുരുകുകയാണ്. അനിയന്ത്രിതമായി അന്തരീക്ഷ താപനില വര്‍ധിക്കുന്ന ഉഷ്ണതരംഗമെന്ന പ്രതിഭാസത്തില്‍ ഇതിനോടകം കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ മേഖലയില്‍ മാത്രം അഞ്ച് ദിവസത്തിനിടെ 500ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
കാനഡയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് കൂടുതലായും കാട്ടു തീ അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നത്. നൂറുകണക്കിനാളുകളാണ് നാട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ പടര്‍ന്ന് പിടിക്കുന്നതിനെ തുടര്‍ന്ന് വാന്‍കൊവറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ലിറ്റണ്‍ ഗ്രാമത്തിലെ ജനങ്ങളെ ബുധനാഴ്ച രാത്രി ഒഴിപ്പിച്ചു. ഈ ഗ്രാമത്തിന്റെ 90 ശതമാനവും കാട്ടു തീയ്ക്ക് ഇരയായതാണെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് കൊളംബിയയിലെ എല്ലാ പ്രദേശങ്ങളും വലിയ അപകട ഭീതിയിലൂടെയാണ് കടന്നു പോകുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കാട്ടു തീയില്‍ ഇതുവരെ രാജ്യത്ത് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ചൊവ്വാഴ്ച രേഖപ്പെടുത്തിയ 49.6 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന താപനില. അടുത്ത രണ്ട് ദിവസങ്ങളിലും രാജ്യത്ത് റെക്കാഡ് താപനില രേഖപ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്ന് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നല്‍കി.ബ്രിട്ടീഷ് കൊളംബിയക്ക് പുറമേ കാനഡയിലെ മറ്റ് മേഖലകളായ അല്‍ബേര്‍ട്ട, സസ്‌കെച്വാന്‍, മനിടോബ, വടക്ക്-പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗം ശക്തമായി തുടരുകയാണ്.
കാനഡയ്ക്ക് പുറമേ അമേരിക്കയിലും ഉഷ്ണ തരംഗം ശക്തമാണ്. ഒറിഗനില്‍ അറുപതിലേറെപ്പേറും വാഷിംഗ്ടണില്‍ 20 പേരും ഇതുവരെ ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.