തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. തിരുവനന്തപുരം സിജെഎം കോടതിയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സീല് വെച്ച കവറിലാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.
തീപിടുത്തത്തില്‍ കത്തിയത് ഫയലുകള്‍ മാത്രമാണ്. മുറിയിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളില്‍ പുറത്തുവന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ തീപിടുത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദത്തെ തള്ളിയിരിക്കുകയാണ് നിലവിലെ ഫോറന്‍സിക് റിപ്പോര്‍ട്ട്.
ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച സമിതി കണ്ടെത്തിയിരുന്നു. ദുരന്തനിവാരണ അഥോറിറ്റി കമ്മീഷണര്‍ ഡോ. എ കൗശികന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിനു കൈമാറുകയും ചെയ്തിരുന്നു. വിവിധ വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരടങ്ങിയതാണ് ഈ സമിതി. തീപിടിത്തത്തിനു കാരണം ഷോര്‍ട്ട്‌സര്‍ക്യൂട്ടാണെന്നാണ് ഫയര്‍ഫോഴ്‌സും അറിയിച്ചത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റായ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് മാധ്യമങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സിലില്‍ പരാതിയും നല്‍കിയിരുന്നു. ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണ വകുപ്പില്‍ തീപിടുത്തമുണ്ടാകുന്നത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍വിച്ച് ബ്ലോക്കിലാണ് തീപിടുത്തം ഉണ്ടായത്.