33.9 C
Kottayam
Sunday, April 28, 2024

സനൂപിന്റെ കൊലപാതകം; പ്രതി നന്ദനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

Must read

തൃശൂര്‍: കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാന്‍ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. സനൂപിനെ കുത്തിക്കൊലപ്പെടുത്തിയവരെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദന്‍, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവര്‍ പോലീസിന് നല്‍കിയ മൊഴി.

സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദന്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണ്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ബിജെപിയും സംഘപരിവര്‍ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഐഎം ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു.

അതേസമയം കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയില്‍ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകില്‍ അടിയേറ്റതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സനൂപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി പുതുശേരി കമ്മ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം രാത്രിയോടെ ഷൊര്‍ണ്ണൂര്‍ ശാന്തി തീരത്തില്‍ സംസ്‌കരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week