InternationalKeralaNews

കേരളം പൊളിയാണ്’; മലയാളി ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അമ്പരന്ന് യുകെ വ്‌ളോഗർ

കൊച്ചി:കേരളത്തിലെ ഓട്ടോ ഡ്രൈവറുടെ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ അദ്ഭുതപ്പെട്ട് വിദേശ ടൂറിസ്റ്റ്. ഫോര്‍ട്ട് കൊച്ചിയിലെ ഓട്ടോ ഡ്രൈവര്‍ അഷ്‌റഫിനെ കുറിച്ച് യുകെ ട്രാവലറും വ്‌ളോഗറുമായ സാക്കിയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഉച്ചയ്ക്ക് പൊരിവെയിലില്‍ എടിഎം എവിടെയാണുള്ളത് എന്നറിയാതെ വിഷമിച്ചുനിന്ന തന്നെ സഹായിച്ചത് അഷ്‌റഫാണെന്നും സാക്കി വീഡിയോയില്‍ പറയുന്നു.

റൂം ബുക്ക് ചെയ്ത ഹോട്ടലില്‍ കാര്‍ഡ് എടുക്കാത്തതിനെ തുടര്‍ന്നാണ് സാക്കിക്ക് എടിഎം അന്വേഷിച്ച് നടക്കേണ്ടി വന്നത്. ഇതിനിടയില്‍ അഷ്‌റഫിനെ കണ്ടുമുട്ടുകയായിരുന്നു. കാഴ്ച്ചകള്‍ കാണാന്‍ ഓട്ടോയില്‍ കൊണ്ടുപോകാം എന്ന് അഷ്‌റഫ് സാക്കിയോട് ഇംഗ്ലീഷില്‍ പറഞ്ഞു. എന്നാല്‍ തനിക്ക് അത്യാവശ്യമായി കണ്ടുപിടിക്കേണ്ടത് ഒരു എടിഎമ്മാണെന്ന് സാക്കി മറുപടി നല്‍കി. ഇതോടെ ഓട്ടോയില്‍ കയറ്റി എടിഎമ്മുള്ളിടത്തേക്ക് കൊണ്ടുപോകാം എന്ന് അഷ്‌റഫ് പറഞ്ഞു.

https://www.instagram.com/reel/C4BPTM1N2ss/?utm_source=ig_web_copy_link

അല്‍പം ശങ്കിച്ചാണെങ്കിലും സാക്കി അഷ്‌റഫിന്റെ ഓട്ടോയില്‍ കയറി. ആദ്യത്തെ എടിഎം കണ്ടപ്പോള്‍ അത് നാശമായിരിക്കുകയാണെന്ന് അഷ്‌റഫ് പറയുന്നത് വീഡിയോയില്‍ കാണാം. പിന്നീട് 400 മീറ്റര്‍ കൂടി അപ്പുറത്തുള്ള ഒരു എടിഎമ്മിലാണ് ഇരുവരും എത്തുന്നത്. എടിഎം പണിമുടക്കിയിരിക്കുകയാണെന്ന് അഷ്‌റഫ് പറഞ്ഞപ്പോള്‍ ആദ്യം താന്‍ സംശയിച്ചുവെന്നും എന്നാല്‍ അഷ്‌റഫിന്റെ പ്രദേശികമായ അറിവ് ശരിയായിരിക്കുമെന്ന് കരുതി കൂടെപ്പോകുകയായിരുന്നുവെന്നും സാക്കി വീഡിയോക്കൊപ്പം പങ്കുവെച്ച നീണ്ട കുറിപ്പില്‍ പറയുന്നു.

ഇന്ത്യയില്‍ സഞ്ചരിക്കുമ്പോള്‍ താന്‍ ഊബറാണ് ഉപയോഗിക്കാറുള്ളത്. ഓട്ടോയില്‍ പോകുമ്പോള്‍ പലപ്പോഴും ഭാഷ പ്രശ്‌നമാകുന്നതിനാലാണിത്. എന്നാല്‍ അഷ്‌റഫ് തന്നെ അദ്ഭുതപ്പെടുത്തിയെന്നും സാക്കി പോസ്റ്റില്‍ വ്യക്തമാക്കുന്നു. എടിഎമ്മില്‍ നിന്ന് താന്‍ പുറത്തിറങ്ങുന്നതുവരെ അഷ്‌റഫ് കാത്തുനിന്നെന്നും സാക്കി കൂട്ടിച്ചേര്‍ക്കുന്നു.

മാര്‍ച്ച് രണ്ടിന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒരു കോടിയില്‍ അധികം ആളുകളാണ് കണ്ടത്. ആറര ലക്ഷത്തോളം ലൈക്കും ഈ പോസ്റ്റിന് ലഭിച്ചു. ഇതിന് താഴെ മലയാളികളായ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button