ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള സംഘപരിവാറിന് അസ്വസ്ഥതയുണ്ട്- എം.എ ബേബി
തിരുവനന്തപുരം: മലയാളികളേയും മലയാള സിനിമയേയും അധിക്ഷേപിച്ച് വിവാദത്തിലകപ്പെട്ട് എഴുത്തുകാരനും തിരക്കഥാകൃത്തുമായ ജയമോഹന്‍ രംഗത്ത് വന്നത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ മുന്‍നിര്‍ത്തി എഴുതിയ ബ്ലോഗിലാണ് ജയമോഹന്റെ വിവാദ പരാമര്‍ശങ്ങളുള്ളത്.
യഥാര്‍ത്ഥ കഥയായതുകൊണ്ട് മഞ്ഞുമ്മല്‍ ബോയ്‌സ് തന്നെ അലോസരപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. വിനോദസഞ്ചാരത്തിന് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്ന മലയാളികളുടെ വാഹനങ്ങളുടെ ഇരുവശത്തും ഛര്‍ദിലാണെന്നും സുഭാഷിനെ രക്ഷിച്ച സിജുവിനെ അവാര്‍ഡ് കൊടുക്കുന്നതിനുപകരം ജയിലിലിടുകയായിരുന്നു വേണ്ടതെന്നും ജയമോഹന്‍ എഴുതി. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് സി പി.എം നേതാവ് എം. എ ബേബി.
‘പെറുക്കികൾ’ എന്ന പ്രയോഗം ജയമോഹൻറെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണെന്നും മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണെന്നും എം.എ ബേബി കുറിച്ചു.
എം.ബി ബേബിയുടെ കുറിപ്പ്
മലയാളിയായ തമിഴ് എഴുത്തുകാരൻ ജയമോഹൻ എന്ന ജയമോഹൻ നായർ മലയാളികളെ അധിക്ഷേപിച്ചു നടത്തിയ ‘പെറുക്കികൾ’ എന്ന പ്രയോഗം ജയമോഹൻറെ സംഘപരിവാർ പശ്ചാത്തലത്തിൽ നിന്നു കൂടി വരുന്നതാണ്. മലയാളികളെയും കേരളത്തെയും അധിക്ഷേപിക്കാനുള്ള സംഘപരിവാർ ശ്രമത്തിൻറെ ഭാഗമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയെ ചാരി ഒരു വിവാദമുണ്ടാക്കാൻ ജയമോഹൻ നടത്തുന്ന ശ്രമങ്ങൾ. കേരളസ്റ്റോറി എന്ന സിനിമയുടെ ഒക്കെ പിന്നാലെയാണ് വിവാദവ്യവസായിയായ ജയമോഹൻറെ കർസേവ.
പക്ഷേ, എനിക്കു പറയാനുള്ളത് ഇതാണ്- അതെ , ഞങ്ങൾ പെറുക്കികൾ ആണ്! (പണ്ട് കേശവദേവും കെടാമംഗലം പപ്പുക്കുട്ടിയും രാമദാസും കൂടെ സ്വയം നല്കിയ വിളിപ്പേര് പറവൂരിലെ മൂന്നു പോക്രികൾ എന്നായിരുന്നു.) പക്ഷേ, ഈ പെറുക്കികൾ സംഘടിച്ച്, സമരം ചെയ്ത് ഇന്ത്യയിലെ ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചു. ഈ പെറുക്കികൾ തന്നെയാണ് ജാതി ജന്മി നാടുവാഴി മേധാവിത്വത്തിന്റെ അടിത്തറ തകർത്തുവിട്ടത്. ഈ പെറുക്കികൾ ഉണ്ടാക്കിയ വിപ്ലവത്തിൽ ജയമോഹനെപ്പോലെയുള്ള ആളുകൾക്ക് അസ്വസ്ഥതയുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ മഹത്വം.
ജയമോഹൻറെ അന്യഥാ ആകർഷകമായ പലരചനകളിലും ഒളിഞ്ഞും തെളിഞ്ഞും കടന്നുവരുന്ന സംഘപരിവാർ പ്രത്യയശാസ്ത്രം അദ്ദേഹത്തിന്റെ പ്രസ്താവനകളിൽ മാത്രമല്ല, ‘നൂറു സിംഹാസനങ്ങൾ’ പോലുള്ള അതിപ്രശസ്ത കൃതികളിൽ പോലും ഒരു സൂക്ഷ്മവായനയിൽ വെളിപ്പെടുന്നതാണ്. ഇന്ത്യയിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഖ്യാതസംഗീതജ്ഞരിൽ അനന്യനായ ടി എം കൃഷ്ണയുടെ ‘പുറംപോക്ക് ‘ എന്ന ഒരു പാട്ട് ഉണ്ട്. അത് പുറംപോക്കിലെ പെറുക്കികളെയാണ് ആഘോഷിക്കുന്നത്. ആ പാട്ടാണ് ജയമോഹൻറെ അധിക്ഷേപത്തിന് തക്കമറുപടി.