NationalNews

ബിജെപിക്കു ഹിന്ദുത്വം അധികാരത്തിനുള്ള വഴി മാത്രം: രാഹുൽ

ലണ്ടൻ: ഇന്ത്യ ഭരിക്കുന്ന ബിജെപി എന്തു വിലകൊടുത്തും അധികാരത്തിലെത്താനുള്ള ശ്രമത്തിലാണെന്നും അവരുടെ പ്രവൃത്തിയിൽ ഹൈന്ദവ മൂല്യങ്ങളൊന്നുമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘‘ഭഗവത് ഗീതയും ഉപനിഷത്തുകളും ഒട്ടേറെ ഹൈന്ദവ ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. എന്നാൽ അവയിലൊന്നും ബിജെപി പറയുന്ന ഹിന്ദുത്വം കാണാനാവില്ല,’’ പാരിസിലെ സയൻസസ് പിഒ യൂണിവേഴ്സിറ്റിയിൽ അക്കാദമിക സമൂഹവുമായുള്ള ചർച്ചയിൽ രാഹുൽ പറഞ്ഞു. 

ഹിന്ദു ദേശീയത എന്നത് തെറ്റായ പ്രയോഗമാണ്. വിദ്വേഷവും ബലഹീനരെ ദ്രോഹിക്കലും ഹൈന്ദവ തത്വങ്ങളല്ല. ബിജെപിക്ക് ഹൈന്ദവതയുടെ നന്മകളൊന്നുമില്ല. അധികാരത്തിനുവേണ്ടി ഹിന്ദുത്വത്തെ ഉപയോഗപ്പെടുത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40% വോട്ടു നേടിയ അവർ ഭൂരിപക്ഷ സമുദായം ഒപ്പമാണെന്ന് അവകാശപ്പെടുന്നു.

ഭൂരിപക്ഷം സമുദായം കൂടുതലായി പ്രതിപക്ഷ കക്ഷികൾക്കാണു വോട്ടു ചെയ്തത്. ഇന്ത്യയുടെ ആത്മാവു വീണ്ടെടുക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും രാഹുൽ പറഞ്ഞു. ഇന്ത്യ അതായത് ഭാരത് സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നു ഭരണഘടന വ്യക്തമാക്കുന്നു.

എല്ലാ സംസ്ഥാനങ്ങളിലെയും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്ന ഈ സംവിധാനത്തിൽ ആരുടെയും ശബ്ദം അടിച്ചമർത്തപ്പെടുന്നില്ലെന്നും ചോദ്യത്തിനു മറുപടിയായി രാഹുൽ പറഞ്ഞു. 

സെന്റർ ഓഫ് ഇന്റർനാഷനൽ സ്റ്റഡീസ് ഡയറക്ടർ ക്രിസ്റ്റോഫ് ജഫ്രലോട്ട് മോഡറേറ്ററായിരുന്നു. പാരിസിലെ ഇനാൽകോ യൂണിവേഴ്സിറ്റിയിലും രാഹുൽ വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button