ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കളിക്കളത്തിലെ നിയമങ്ങളിലും മാറ്റങ്ങള്‍. ഫുട്‌ബോള്‍ കളത്തില്‍ മനപൂര്‍വം ചുമച്ചാല്‍ ഇനി റെഡ് കാര്‍ഡ് ലഭിക്കും. അപകടകരമാം വിധം ഫൗള്‍ ചെയ്യുന്നതിനായിരുന്നു ഇതുവരെ ചുവപ്പ് കാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ ഇനി ചുമച്ചാലും പുറത്തേക്കുള്ള വഴി തെളിയും. രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് ആണ് പുതിയ നിയമം കൊണ്ടുവന്നത്.
നിന്ദ്യമായ, അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുക ആംഗ്യങ്ങള്‍ ഉപയോഗിച്ച് അവഹേളിക്കുക തുടങ്ങിയവയ്ക്കും ചുവപ്പ് കാര്‍ഡ് പുറത്തെടുക്കാം. എല്ലാ ഫൈളുകളും പോലെ റഫറിക്കാണ് അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം.
മനപൂര്‍വമല്ലാതെ ചുമയ്ക്കുന്നതും അകലം പാലിച്ച് ചുമയ്ക്കുന്നതും കുറ്റമല്ല. എന്നാല്‍ മനപൂര്‍വം എതിര്‍ കളിക്കാരന് അടുത്തു ചെന്ന് ചുമയ്ക്കുന്നത് കുറ്റകരമാണ്. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.