പത്തനംതിട്ട: ചന്ദനപ്പള്ളിയില്‍ റോസ് ഡെയ്ല്‍സ് സ്‌കൂളിലെ 13 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധ. സ്‌കൂള്‍ വാര്‍ഷികത്തിന് വിതരണം ചെയ്ത് ചിക്കന്‍ ബിരിയാണി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കൊടുമണ്ണിലെ ക്യാരമല്‍ എന്ന ഹോട്ടലില്‍ നിന്നാണ് ബിരിയാണി വാങ്ങിയത്. 200 ചിക്കന്‍ ബിരിയാണിയായിരുന്നു വരുത്തിച്ചത്. ഭക്ഷണം കഴിച്ച എല്ലാവര്‍ക്കും ഭക്ഷ്യവിഷബാധയെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ടായെന്നാണ് വിവരം. ഇതില്‍ 13 വിദ്യാര്‍ഥികള്‍ മൂന്ന് ആശുപത്രികളിലായി ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ചികിത്സതേടുകയായിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് ബിരിയാണി കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്ചയോടെ ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. ചികിത്സയിലുള്ളവരുടെ ആരോഗ്യനില ഗുരുതരമല്ല. അഞ്ചോളം അധ്യാപകര്‍ ചികിത്സതേടിയിരുന്നു.
അതേസമയം, സംഭവത്തില്‍ വിശദീകരണവുമായി ഹോട്ടലുടമ രംഗത്തെത്തി. വെള്ളിയാഴ്ച 11 മണിക്ക് എത്തിച്ച ഭക്ഷണം വിതരണം ചെയ്തത് വൈകീട്ട് ആറുമണിക്കാണെന്നാണ് ഹോട്ടലുടമയുടെ വിശദീകരണം. ശരിയായ രീതിയില്‍ സൂക്ഷിക്കാത്തതാണ് ഭക്ഷണം മോശമായതെന്നും ഇതാവാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്നും ഹോട്ടലുടമ പറയുന്നു.