മഹോബ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പശുക്കള്‍ക്ക് നല്‍കുന്ന കാലീത്തീറ്റ മതിയാകാത്തതിനെത്തുടര്‍ന്ന് മഹോബയില്‍ പശുക്കള്‍ക്കായി റൊട്ടി ബാങ്ക്. ‘സര്‍വധര്‍മ് ഭോജന്‍’ എന്ന സംഘടനയാണ് റൊട്ടി ബാങ്ക് ആരംഭിച്ചിരിക്കുന്നത്. നഗരത്തിലെ പത്തിടങ്ങളില്‍ സ്ഥാപിച്ച കേന്ദ്രങ്ങള്‍ വഴി ഭക്ഷണവും ചപ്പാത്തിയുമൊക്കെ ശേഖരിച്ച് പശുക്കള്‍ക്ക് നല്‍കാനാണ് സര്‍വധര്‍മ ഭോജന്‍ സംഘടനയുടെ തീരുമാനം. സര്‍ക്കാര്‍ നല്‍കുന്ന കാലിത്തീറ്റ പശുക്കള്‍ക്ക് അപര്യാപ്തമായതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്ന് സംഘടന മേധാവി ബബ്ല പറഞ്ഞു. ഇതിനുള്ള സജ്ജീകരണങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി.
‘കളക്ഷന്‍ കേന്ദ്രങ്ങളില്‍ ജനങ്ങള്‍ വീട്ടില്‍ ബാക്കിവരുന്ന ഭക്ഷണം എത്തിക്കുന്നുണ്ട്. സര്‍ക്കാര്‍ പശുക്കള്‍ക്കായി ഏര്‍പ്പെടുത്തിയ ഭക്ഷണം അപര്യാപ്തമാണ്. ഇത്രയേറെ പശുക്കള്‍ക്ക് ഭക്ഷണം എത്തിക്കുക എന്നത് എളുപ്പമല്ല. അതുകൊണ്ട് ഞങ്ങള്‍ ജനങ്ങളുടെ സഹായം തേടി. ജാതിമതഭേദമന്യേ എല്ലാവരും ഈ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണം. ‘- സര്‍വധര്‍മ ഭോജന്‍ മേധാവി ബബ്ല പറഞ്ഞു.
മനുഷ്യരെപോലെ പശുക്കള്‍ക്കും മറ്റു ജന്തുക്കള്‍ക്കും ഭക്ഷണം ആവശ്യമുണ്ട്. മനുഷ്യരെ ശ്രദ്ധിക്കാന്‍ ആളുണ്ട്. എന്നാല്‍ പശുക്കള്‍ക്ക് ആരുമില്ല. റോഡ് സൈഡില്‍ കിടക്കുന്ന പോളിത്തീന്‍ ബാഗുകള്‍ പശുക്കള്‍ തിന്നുന്നത് പതിവായി കാണാറുണ്ട്. അതുകൊണ്ടാണ് അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ തീരുമാനിച്ചത്.’- മറ്റൊരു സംഘാടകന്‍ പറഞ്ഞു.